തദ്ദേശഫണ്ട് നൽകാതെ സർക്കാർ
print edition ഭിന്നശേഷി കുട്ടികളോടും കരുണയില്ല


റഷീദ് ആനപ്പുറം
Published on Jul 25, 2026, 12:00 AM | 2 min read
തിരുവനന്തപുരം : ഭിന്നശേഷി കുട്ടികളെ ദ്രോഹിച്ച് യുഡിഎഫ് സർക്കാർ. തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിന്റെ ആദ്യഗഡുവായ 3396 കോടി രൂപ നൽകാത്തതിനാൽ ബഡ്സ് സ്കൂളുകളുടെ പ്രവർത്തനവും സ്കോളർഷിപ്പ് വിതരണവും നിലച്ചമട്ടാണ്. സംസ്ഥാനത്തെ 657 ബഡ്സ് സ്കൂൾ, ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ (ബിആർസി) എന്നിവിടങ്ങളിലെ 22,130 കുട്ടികളുടെ പരിശീലനമാണ് സർക്കാർ നിലപാടിൽ മുടങ്ങുന്നത്. ഇതിൽ ഗൃഹാന്തരീക്ഷ പഠനം ലഭിക്കുന്ന കിടപ്പുരോഗികളും ഉൾപ്പെടും.
തുക ലഭിക്കാത്തത് ഭിന്നശേഷി കുട്ടികളുടെ പുനരധിവാസം, സാന്ത്വന പരിചരണം, അങ്കണവാടികളിലെ പോഷകാഹാര വിതരണം എന്നിവയെ ബാധിച്ചു. 28,500 രൂപവരെയാണ് ഒരു കുട്ടിക്ക് വർഷം കിട്ടിയിരുന്നത്. തദ്ദേശഫണ്ട് നിലച്ചതോടെ ബഡ്സ് സ്കൂളുകളിലെ മിക്ക ജീവനക്കാർക്കും മാസങ്ങളായി ശന്പളമില്ല. കുടുംബശ്രീക്കാണ് ബഡ്സ് സ്കൂളുകളുടെയും ബിആർസികളുടെയും നടത്തിപ്പ് ചുമതലയെങ്കിലും ചെലവ് വഹിക്കുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. കെട്ടിടങ്ങളുടെ വാടകയും സ്പെഷ്യൽ അധ്യാപകർ, തെറാപ്പിസ്റ്റുകൾ, ആയ, അസിസ്റ്റന്റ്, കുക്ക്, ഡ്രൈവർ എന്നിവരുടെ പ്രതിഫലവും തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിൽനിന്നാണ് നൽകുക. 2026–27 സാന്പത്തിക വർഷത്തേക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫണ്ട് ലഭിക്കാത്തതിനാൽ ഇവ നടപ്പാക്കാനായിട്ടില്ല.
സ്പെഷ്യൽ ടീച്ചർക്ക് മാസം 32,500 രൂപയാണ് പ്രതിഫലം. അസി.ടീച്ചർ– 24,520, ആയ– 18,390, ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവർ– 22130 രൂപ എന്നിങ്ങനെയാണ് മാസം തദ്ദേശസ്ഥാപനം നൽകുന്നത്. ഫിസിയോ, ഒക്യുപേഷൻ, സ്പീച്ച് തെറാപ്പിസ്റ്റുകൾക്ക് 1370 രൂപയും കുക്കിന് 657 രൂപയുമാണ് ദിവസവേതനം. ഗ്രാമപഞ്ചായത്തുകൾക്ക് സഹായമായി ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും പദ്ധതി തയ്യാറാക്കാൻ മുൻ സർക്കാർ മാർഗനിർദേശം നൽകിയിരുന്നു. വീൽചെയർ, ഹിയറിങ് എയ്ഡ് പോലുള്ള സഹായ ഉപകരണങ്ങൾ നൽകാനുള്ള പദ്ധതികളും തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. ഇവയും മുടങ്ങിയ അവസ്ഥയിലാണ്.
പാലിയേറ്റീവ് പരിചരണവും മുടങ്ങുന്നു
തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം നൽകാത്തതിനാൽ കിടപ്പുരോഗികൾ ഉൾപ്പടെയുള്ളവരുടെ പാലിയേറ്റീവ് സേവനം അവതാളത്തിൽ. രോഗീപരിചരണത്തിനൊപ്പം മരുന്ന്, മറ്റ് അത്യാവശ്യ സാധനങ്ങൾ തുടങ്ങിയ സേവനം തദ്ദേശസ്ഥാപനങ്ങൾ ‘സാന്ത്വന പരിചരണ പദ്ധതി’യുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്. ഫണ്ടില്ലാത്തതിനാൽ 2026–27 സാന്പത്തികവർഷം ഇത് എങ്ങനെ സാധ്യമാകുമെന്ന ആശങ്കയിലാണ് തദ്ദേശസ്ഥാപനങ്ങൾ.
ഓരോ തദ്ദേശസ്ഥാപനവും 10 മുതൽ 20 ലക്ഷംരൂപയുടെ പദ്ധതിയാണ് സാന്ത്വന പരിചരണത്തിന് തയ്യാറാക്കുന്നത്. കോർപറേഷനുകൾ ഒരു കോടിയിലധികം രൂപയും ചെലവിടുന്നു. പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 1600 പാലിയേറ്റീവ് നഴ്സുമാരുണ്ട്. കിടപ്പുരോഗികളെയും മാരകരോഗം ബാധിച്ചവരെയും വീടുകളിലെത്തി പരിചരിക്കുന്നത് ഇവരാണ്. മരുന്നുകൾ, ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ്, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയവയും ലഭ്യമാക്കുന്നു. ഒരു പഞ്ചായത്തിൽ ശരാശരി 500 പേർക്ക് ഇൗ നഴ്സുമാരുടെ പരിചരണം ലഭിക്കുന്നു. ഇത് ലഭിക്കാതെ വന്നാൽ രോഗികളുടെ ജീവൻവരെ അപകടത്തിലാകുന്ന സ്ഥിതിയാണ്.









0 comments