ad
Deshabhimani

print edition മദ്യത്തിൽ ഒളിച്ചോട്ടം; കെെവിറച്ച് സർക്കാർ

deal
avatar
സ്വന്തം ലേഖകൻ

Published on Jun 24, 2026, 01:46 AM | 1 min read

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് വിഷയത്തില്‍ പ്രതിപക്ഷ ആരോപണം ശരിവച്ച്‌ നിയമസഭയിൽ സർക്കാരിന്റെ ഒളിച്ചോട്ടം. പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന്, അഴിമതി വെളിപ്പെടുമെന്ന് ഭയത്താൽ അവതരണാനുമതി നിഷേധിച്ചു. പ്രതിപക്ഷനേതാവ്‌ പിണറായി വിജയന്റെ വാക്ക‍ൗട്ട്‌ പ്രസംഗം തടസ്സപ്പെടുത്താനും ശ്രമമുണ്ടായി. പിണറായിയുടെ പ്രസംഗം സഭാരേഖകളിൽനിന്ന്‌ നീക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം സർക്കാരിന്‌ മറയ്‌ക്കാനേറെയുണ്ടെന്നതിന്റെ തെളിവായി.


കെ എൻ ബാലഗോപാലാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. ബജറ്റ്‌ ചർച്ച നടക്കുമ്പോൾ വിഷയം പറയാമല്ലോ എന്നായിരുന്നു സ്‌പീക്കറുടെ വാദം. ബജറ്റിൽ നികുതിയിളവ്‌ പ്രഖ്യാപിച്ചത്‌ വൻതോതിൽ മദ്യം ഒഴുക്കാൻ ഇടയാക്കുമെന്ന്‌ പറഞ്ഞ ബാലഗോപാൽ വിഷയം ചർച്ചയ്‌ക്കെടുക്കാൻ എന്തിന് ഭയമെന്നും ചോദിച്ചു. ഇതോടെ മൈക്ക്‌ ഓഫാക്കി. ഇതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.


നികുതിയിളവ് വഴി സ്വകാര്യ മദ്യക്കമ്പനിയായ ബക്കാഡിക്ക് വൻ ലാഭമുണ്ടാക്കാനാണ് നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. 2023-ൽ ഇതേ കമ്പനി നികുതിയിളവ്‌ ആവശ്യപ്പെട്ട്‌ അപേക്ഷ നൽകിയെങ്കിലും എല്‍ഡിഎഫ് സർക്കാർ തീരുമാനമെടുത്തില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് ഫയല്‍ നീങ്ങിത്തുടങ്ങിയത്. ഇതിനുപിന്നിൽ വ്യക്തമായ അഴിമതിയാണ്‌. ബജറ്റിന്റെ ഷെഡ്യൂളിൽ ഫിനാൻസ് ബിൽ ഉണ്ടായില്ലെന്നത്‌ നികുതി നിർദേശങ്ങളെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്നു.

സ്വകാര്യ മദ്യക്കമ്പനിക്ക് ലാഭംകൊയ്യാൻ പിന്നീട് നിർദേശം ബജറ്റിൽ തിരുകിക്കയറ്റിയെന്നും പിണറായി പറഞ്ഞു. നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. അഴിമതി ആരോപിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സഭാരേഖകളിൽനിന്ന്‌ നീക്കണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന്‌ സ്‌പീക്കർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home