ad
Deshabhimani

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്ത നിക്ഷേപകരുടെ ആവശ്യത്തിനൊപ്പം സർക്കാർ; കുറിപ്പുമായി പി രാജീവ്

rajeevjpg
വെബ് ഡെസ്ക്

Published on Oct 30, 2025, 03:27 PM | 3 min read

കൊച്ചി: പെർമ്മിറ്റ് നടപടികൾ ലളിതമാക്കണമെന്നതും കെട്ടിടനിർമ്മാണ ചട്ടങ്ങൾ പരിഷ്കരിക്കണമെന്നതുമായ നിക്ഷപകരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതായി മന്ത്രി പി രാജീവ്.


ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്ത നിക്ഷേപകരാണ് ഇരു ആവശ്യങ്ങളുമുയർത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ കൂടിക്കാഴ്ചകൾ സംഘടിപ്പിച്ച ശേഷമാണ് രണ്ട് ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് ഇപ്പോൾ തദ്ദേശസ്വയംഭരണ വകുപ്പ് നിരവധി ഭേദഗതികൾ കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രിയുടെ കുറിപ്പിലുണ്ട്.


പോസ്റ്റിന്റെ പൂർണരൂപം:

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്ത നിക്ഷേപകരുടെ പ്രധാന ആവശ്യങ്ങളായിരുന്നു നിക്ഷേപങ്ങൾക്കുള്ള പെർമ്മിറ്റ് നടപടികൾ ലളിതമാക്കണമെന്നതും കെട്ടിടനിർമ്മാണ ചട്ടങ്ങൾ പരിഷ്കരിക്കണമെന്ന ആവശ്യവും. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതിൻ്റെ തുടർച്ചയിൽ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് ഇപ്പോൾ തദ്ദേശസ്വയംഭരണ വകുപ്പ് നിരവധി ഭേദഗതികൾ കൊണ്ടുവന്നിരിക്കുകയാണ്.


കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്നിരിക്കുന്ന സുപ്രധാന ഭേദഗതികളിലൂടെ നിർമ്മാണ രംഗത്ത് നിലനിന്നിരുന്ന കാലതാമസങ്ങൾക്കും അവ്യക്തതകൾക്കും പരിഹാരമാകും. ചെറുകിട സംരംഭങ്ങൾക്ക് നിർമ്മാണാനുമതി അതിവേഗം ലഭ്യമാക്കുന്നതിനായി, സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.



വാണിജ്യ കെട്ടിടങ്ങളിൽ സെൽഫ് സർട്ടിഫൈഡ് പെർമിറ്റിനുള്ള വിസ്തീർണ്ണ പരിധി 100 ചതുരശ്ര മീറ്ററിൽ നിന്ന് 250 ചതുരശ്ര മീറ്ററായി വർദ്ധിപ്പിച്ചു. ഭൂരിപക്ഷം ചെറുകിട വാണിജ്യ സ്ഥാപനങ്ങൾക്കും അപേക്ഷ നൽകിയ ഉടൻ തന്നെ പെർമിറ്റ് ലഭിക്കുമെന്ന് ഉറപ്പ് വരുത്താൻ ഈ നീക്കത്തിലൂടെ സാധിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ് കാറ്റഗറിയിലും ഗ്രീൻ കാറ്റഗറിയിലും ഉൾപ്പെടുന്ന ജി-1 വിഭാഗത്തിലെ വ്യവസായ കെട്ടിടങ്ങൾക്ക്, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുണ്ടെങ്കിൽ അപേക്ഷിച്ചാലുടൻ പെർമിറ്റ് ലഭിക്കുന്ന രീതിയിലും ചട്ടങ്ങൾ ഉദാരമാക്കിയിട്ടുണ്ട്.


പെർമിറ്റ് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി ലോ റിസ്ക് അല്ലാത്ത കെട്ടിടങ്ങളുടെ സ്ഥലപരിശോധനാ നടപടികളിലും സർക്കാർ ഇളവുകൾ വരുത്തിയിരിക്കുകയാണ്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് അപേക്ഷയിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ കഴിയുന്നവയിൽ സ്ഥലപരിശോധന പൂർണമായും ഒഴിവാക്കി പെർമിറ്റ് നൽകും. അപേക്ഷയിലെ വിവരങ്ങളുടെ കൃത്യത ലൈസൻസിയുടെയും ഉടമസ്ഥന്റെയും പൂർണ്ണ ഉത്തരവാദിത്തത്തിലായിരിക്കും. സമർപ്പിച്ച പ്ലാൻ പ്രകാരമല്ല നിർമ്മാണമെങ്കിൽ അനുമതി റദ്ദാക്കുന്നതിന് സർക്കാരിന് അധികാരമുണ്ടായിരിക്കും.

കേരളത്തിലെ ഭൂമി ലഭ്യതക്കുറവ് പരിഗണിച്ച്, കൂടുതൽ വിസ്തൃതിയിൽ നിർമ്മാണം സാധ്യമാക്കുന്ന രീതിയിൽ കവറേജും ഫ്ലോർ സ്പേസ് ഇൻ്റക്സിൻ്റെ എണ്ണവും വർദ്ധിപ്പിച്ചു.


സർക്കാർ ഉടമസ്ഥതയിലുള്ള ഐ ടി പാർക്കുകളിൽ പരമാവധി നിലകളുടെ എണ്ണം 4ൽ നിന്ന് 7 വരെയായും കവറേജ് 60 ശതമാനത്തിൽ നിന്ന് 70 ശതമാനം വരെയായും വർദ്ധിപ്പിച്ചു. TOD (ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ്), CBD (സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്) സോണുകളിൽ എല്ലാ തരം കെട്ടിടങ്ങൾക്കും ഫ്ലോർ സ്പേസ് ഇൻ്റക്സ് പരമാവധി 7 നില വരെയും കവറേജ് പരമാവധി 70 ശതമാനം വരെയും അനുവദിച്ചു. ഫ്ലോർ സ്പേസ് ഇൻ്റക്സ് ഇനത്തിൽ അടച്ച തുക, അനുവദിച്ച അധിക വിസ്തീർണ്ണം ഉപയോഗിക്കാത്ത സാഹചര്യങ്ങളിൽ ഉടമസ്ഥന് തിരിച്ചു നൽകാൻ പുതിയ ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നതിനാൽ ഫീസ് നഷ്ടപ്പെടുന്ന അവസ്ഥ ഇല്ലാതാവും. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ നിക്ഷേപകർ നിർദേശിച്ച ഈ മാറ്റങ്ങളിൽ സംസ്ഥാന സർക്കാർ അനുകൂല തീരുമാനങ്ങൾ കൈക്കൊണ്ടത് നമ്മുടെ നാട്ടിൽ വൻകിട നിക്ഷേപങ്ങൾക്ക് വഴിയൊരുക്കും.


ചെറുകിട വ്യവസായങ്ങൾക്ക് പ്രത്യേക ഇളവുകൾ ഈ ഭേദഗതികളിലൂടെ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വൈറ്റ് കാറ്റഗറി വ്യവസായ സ്ഥാപനങ്ങൾക്ക് റോഡിൽ നിന്നുള്ള അകലം 3 മീറ്ററിൽ നിന്ന് 1.8 മീറ്ററായും വശങ്ങളിലെയും പിന്നിലെയും അകലം 2 മീറ്ററിൽ നിന്ന് 1 മീറ്ററായും കുറച്ചു. ഇത്തരം കെട്ടിടങ്ങളിലെ മുറികളുടെ കുറഞ്ഞ ഉയരം 3.6 മീറ്ററിൽ നിന്ന് 3 മീറ്ററായി കുറച്ചുകൊണ്ട് ചെറുകിട വ്യവസായങ്ങൾക്കുള്ള നിർമ്മാണച്ചെലവ് കുറയ്ക്കാനും സർക്കാരിൻ്റെ പിന്തുണ നൽകുകയാണ്.


കെട്ടിടനിർമ്മാണ അനുമതിയിലെ പ്രധാന തടസ്സങ്ങളായി സംരംഭകർ പറഞ്ഞിരുന്ന ലേ ഔട്ട് അനുമതിയും പാർക്കിംഗ് വ്യവസ്ഥകളിലും പുതിയ ഭേദഗതികളിലൂടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജില്ലാ ടൗൺ പ്ലാനറുടെ ലേ ഔട്ട് അനുമതി ആവശ്യമുള്ള വൻകിട കെട്ടിടങ്ങളുടെ വിസ്തീർണ്ണ പരിധി വർധിപ്പിക്കുകയും ചീഫ് ടൗൺ പ്ലാനറിൽ നിന്നുള്ള ലേ ഔട്ട് അപ്രൂവൽ ആവശ്യമുള്ള രീതി പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന് ആവശ്യമായ പാർക്കിംഗ് സൗകര്യത്തിൻ്റെ കാര്യത്തിലും വലിയ ഇളവ് കൊണ്ടുവന്നിട്ടുണ്ട്. ഇനിമുതൽ പ്ലോട്ടിൽ 25% പാർക്കിങ്ങ് എങ്കിലും ഒരുക്കി ബാക്കി 75 ശതമാനം വരെ അതേ ഉടമസ്ഥന്റെ പേരിലുള്ളതും നിർമ്മാണ പ്ലോട്ടിന്റെ 200 മീറ്റർ ദൂരത്തിനുള്ളിലുള്ളതുമായ സമീപ പ്ലോട്ടിൽ സജ്ജമാക്കിയാൽ മതിയാകും.


തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ കൊണ്ടുവന്നിരിക്കുന്ന ഈ ഭേദഗതികൾ നമ്മുടെ നാട്ടിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെറപ്പാണ്. കഠിനപ്രയത്നത്തിലൂടെ ഈ മാറ്റങ്ങൾ യാഥാർത്ഥ്യമാക്കിയ മന്ത്രി എം ബി രാജേഷിനേയും തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുന്നു. നമുക്ക് ഒന്നിച്ച് മുന്നേറാം..



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home