സർക്കാരിന് വൻ തിരിച്ചടി: ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ചട്ടവിരുദ്ധ സ്ഥലംമാറ്റം എതിർത്തതിന് പ്രതികാരമായി ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ നടപടിയിൽ സർക്കാരിന് കനത്ത തിരിച്ചടി. സർക്കാർ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഡോ. കെ ജെ റീന നൽകിയ പരാതിയിലാണ് ഉത്തരവ്. ആരോഗ്യവകുപ്പ് ഡയറക്‌ടറെ മാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സർക്കാരിനോട് ആലോചിക്കാതെ ഡയറക്‌ടർ തീരുമാനങ്ങളെടുത്തെന്നും സിസ്റ്റത്തിനോട് സഹകരിക്കാത്തവരെയും തുരപ്പൻ പണിയെടുക്കുന്നവരെയും മാറ്റുമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരൻ വിഷയത്തിൽ പ്രതികരിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നടപടി സ്റ്റേ ചെയ്തതോടെ ആരോഗ്യവകുപ്പിനും വലിയ തിരിച്ചടിയാണ്.
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപിക്കുന്നതിനിടെ 350 ഡോക്‌ടർമാരെയും ജീവനക്കാരെയും സ്ഥലംമാറ്റാനുള്ള ഭരണാനുകൂല സംഘടനകളുടെയും എംഎൽഎമാരുടെയും സമ്മർദത്തിന് വഴങ്ങാത്തതായിരുന്നു റീനയുടെ സ്ഥലം മാറ്റത്തിന് പിന്നിലെ കാരണം. സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപിക്കുന്നതിനിടെ 350 ഡോക്‌ടർമാരെയും ജീവനക്കാരെയും സ്ഥലംമാറ്റാനുള്ള ഭരണാനുകൂല സംഘടനകളുടെയും എംഎൽഎമാരുടെയും സമ്മർദത്തിന് വഴങ്ങാത്തതായിരുന്നു റീനയുടെ സ്ഥലം മാറ്റത്തിന് പിന്നിലെ കാരണം.
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലംമാറ്റത്തെ റീന എതിർത്തിരുന്നു. ഡയറക്‌ടറായ റീനയെ തടഞ്ഞുവച്ച് ഉത്തരവിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്നാണ് കാലാവധി അവസാനിച്ചെന്നും പകർച്ചവ്യാധി പടരുന്നതിനിടെ 15 ദിവസം അവധിയെടുത്തെന്നും ആരോപിച്ച് പുറത്താക്കിയത്. എന്നാൽ, രണ്ടര ദിവസത്തെ അവധിമാത്രം ആവശ്യപ്പെട്ട് റീന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നു.
ശബരിമല ഡ്യൂട്ടിക്ക് ഡോക്‌ടർമാരെ അയക്കില്ലെന്ന് റീന ദേവസ്വം വകുപ്പിന് കത്തയച്ചെന്ന് മന്ത്രിയുൾപ്പെടെ ഉന്നയിച്ച ആരോപണവും ആസൂത്രിതമെന്ന് തെളിഞ്ഞു. എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്‌ടറായാണ് റീനയെ നിയമിച്ചത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ പേഴ്‌സണൽ ഡോക്‌ടറും കോൺഗ്രസ് സംഘടനാ നേതാവുമായ മറ്റൊരാളെ ഡയറക്‌ടറാക്കാനായിരുന്നു നീക്കം.
കൂടിയാലോചനയില്ലാതെയാണ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ഡോ. കെ ജെ റീന പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നു. രണ്ടരദിവസത്തെ അവധി 15 ദിവസമായത് എങ്ങനെയെന്ന് അറിയില്ലെന്നും 30 വർഷത്തിലേറെ സേവനമനുഷ്‌ഠിച്ച ഉദ്യോഗസ്ഥയോടുള്ള നീതിനിഷേധമാണിതെന്നും ഡോ. കെ ജെ റീന പ്രതികരിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് നൽകിയ പരാതിയിലും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.










0 comments