print edition വൈദ്യുതി ആസൂത്രണത്തിൽ സർക്കാർ അമ്പേ പരാജയം

പിണറായി വിജയൻ
തിരുവനന്തപുരം: വൈദ്യുതിയുമായി ബന്ധപ്പെട്ട് ആസൂത്രണവും മാനേജ്മെന്റും സർക്കാരിനില്ലാത്തതാണ് കേരളം ഇരുട്ടിലാകാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മണിക്കൂറുകൾ വൈദ്യുതി നിലയ്ക്കുകയാണ്. ഇത്തരമൊരു പ്രതിസന്ധി പ്രതീക്ഷിച്ചില്ലെന്നാണ് മന്ത്രി പറയുന്നത്. ഡിസംബർവരെ പ്രതിസന്ധി നീളുമെന്നും സൂചനയുണ്ട്. ഇത് മുൻകൂട്ടിക്കണ്ട് മുന്നൊരുക്കം നടത്തുന്നതിൽ സർക്കാർ അമ്പേ പരാജയപ്പെട്ടു. അങ്ങേയറ്റത്തെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് വൈദ്യുതി വകുപ്പിനുണ്ടായത്.
മഴയെ പഴിച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല. എപ്പോൾ, എത്ര സമയം വൈദ്യുതി ഉണ്ടാകില്ലെന്നറിയാനുള്ള ഉപഭോക്താവിന്റെ അവകാശം പോലും പരിഗണിക്കുന്നില്ല. പകൽ സമയത്തെ മിച്ച വൈദ്യുതി സൂക്ഷിച്ചുവയ്ക്കാൻ സംവിധാനമില്ലെന്ന തൊടുന്യായങ്ങളൊക്കെയാണ് മന്ത്രി പറയുന്നത്. പ്രതിസന്ധി മാനേജ് ചെയ്യാൻ സർക്കാരിനും വകുപ്പിനും ആക്-ഷൻ പ്ളാനുമില്ല. കൃത്യമായ ആസൂത്രണവും മാനേജ്മെന്റും കൊണ്ടാണ് ലോഡ് ഷെഡ്ഡിങ്ങും പവർകട്ടുമില്ലാത്ത പത്തുവർഷം എൽഡിഎഫ് ഭരണത്തിൽ സാധ്യമായത്.
ദിവസം 300 മുതൽ 600 മെഗാവാട്ട് വരെ കുറവുണ്ടെന്നാണ് പറയുന്നത്. കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ അനുമതിയുണ്ടായിരുന്നെങ്കിലും ഹ്രസ്വകാല കരാറിലൂടെ ജൂലൈയിൽ 150 മെഗാവാട്ട് മാത്രമാണ് വാങ്ങിയത്. വൈദ്യുതി ലഭ്യതയിൽ സ്ഥിരത ഉറപ്പാക്കാൻ ലാഭകരമായ ദീർഘകാല കരാറുകളാണ് വേണ്ടത്. വൈദ്യുതി വാങ്ങുന്നതിന് മുൻ യുഡിഎഫ് സർക്കാർ ഒപ്പിട്ട കരാറിനോട് എൽഡിഎഫിന് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. എങ്കിലും നാടിന്റെ ഭാവി കരുതിയാണ് കരാറുമായി മുന്നോട്ടുപോയത്. എന്നാൽ റെഗുലേറ്ററി കമീഷൻ കരാർ റദ്ദാക്കി. അതിനെതിരെ ആകാവുന്നതെല്ലാം സർക്കാർ ചെയ്‌തു. വൈദ്യുതിക്ഷാമം പരിഹരിക്കാൻ ആണവനിലയമെന്ന ചിന്തയോട് യോജിക്കാനാവില്ല. ശക്തമായ എതിർപ്പാണ് ആ കാര്യത്തിൽ ഉയർന്നുവരികയെന്നും പിണറായി വിജയൻ പറഞ്ഞു.
സിഎംഡിആർഎഫ് തകർക്കുന്നത് കമീഷനടിക്കാൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള (സിഎംഡിആർഎഫ്) സഹായത്തിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇല്ലാതാക്കി സ്വന്തക്കാർക്ക് കമ്മീഷനടിക്കാൻ സർക്കാർ അവസരമൊരുക്കരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുന്പ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംഡിആർഎഫിൽനിന്നുള്ള സഹായവുമായി ബന്ധപ്പെട്ട് നിരവധി പരാതിയുണ്ടായിരുന്നു. ചിലർ കമ്മീഷൻ വാങ്ങി എന്നതടക്കം ഉയർന്നുവന്നു. ഇതേതുടർന്നാണ് കൃത്യമായ മാനദണ്ഡം കൊണ്ടുവന്ന് ഓൺലൈൻ വഴിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സിഎംഡിആർഎഫ് പദ്ധതിയുടെ സുതാര്യത സർക്കാർ തകർക്കുന്നതായും അഴിമതിക്ക് സംവിധാനം ഒരുക്കുന്നതായുമുള്ള ദേശാഭിമാനി വാർത്തയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഓൺലൈനിൽ ആക്കിയതോടെ അർഹർക്ക് വേഗത്തിൽ സഹായം ലഭ്യമായി. ആരുടേയും ശുപാർശ വേണ്ടതില്ല. പുതിയ സർക്കാർ വന്നപ്പോൾ മുന്പത്തെപോലെ ചിലർക്ക് ഇടപെടാൻ കഴിയുന്നില്ല. അതോടെയാണ് ഓൺലൈൻ സംവിധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. പ്രദേശിക നേതാക്കളെ തൃപ്‌തിപ്പെടുത്താൻ ഇത്തരം കാര്യം ചെയ്യരുതെന്നും പിണറായി പറഞ്ഞു.










0 comments