സർക്കാർ പറഞ്ഞുപറ്റിച്ചു; തല മുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്

തിരുവനന്തപുരം : സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്തത്. നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചു.
സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ യാതൊരു തീരുമാനവും ഉണ്ടാകാഞ്ഞ പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ നടപടി കടുപ്പിച്ചത്. വിവിധ ആവശ്യങ്ങളുന്നയിച്ച് മുമ്പും വളർമതി നിരാഹാര സമരം നടത്തിയിരുന്നു. എന്നാൽ ആവശ്യങ്ങൾ നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതിന്റെ പേരിലാണ് നിരാഹാരം അവസാനിപ്പിച്ചത്.

ഉദ്യോഗാർഥികളെ തഴയുന്ന സമീപനമാണ് പിന്നീട് ഉണ്ടായത്. സാമ്പത്തിക ബാധ്യതയുടെ പേരുപറഞ്ഞ് ഞങ്ങളുടെ ആവശ്യങ്ങൾ തഴയുകയായിരുന്നു. ഇതിനാലാണ് കടുത്ത സമരമുറകളിലേക്ക് പോകേണ്ടി വന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഞങ്ങൾക്കൊപ്പമുണ്ടെന്ന് വാചാലനായ വ്യക്തിയാണ്. എന്നാൽ മുഖ്യമന്ത്രിയായപ്പോൾ അവഗണിക്കുന്നു. മനുഷ്യന്റെ ജീവന് വിലയുണ്ടോയെന്ന് സർക്കാർ പറയണമെന്നും വളർമതി പറഞ്ഞു. നീതി നടപ്പാകും വരെ സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി. കോഴ നൽകുന്ന ആളുകളെ മാത്രമാണ് മന്ത്രിയും മുഖ്യമന്ത്രിയും ഗൗനിക്കുന്നത്. 13 ദിവസം നിരാഹാരം കിടത്തിയിട്ടാണ് ചർച്ചയ്ക്ക് വിളച്ച് അനുഭാവപൂർവം പരിഗണിക്കാമെന്ന് പറഞ്ഞത്. നിർധനരായ ആളുകളാണ് സമരം ചെയ്യുന്നത്. എല്ലാവരും തങ്ങളെ അങ്ങേയറ്റം അവഗണിക്കുകയാണെന്നും വളർമതി പറഞ്ഞു.
പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അർഹമായ നിയമനം ഉറപ്പാക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുക, കോഴ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാർഥികൾ സമരം തുടരുന്നത്. സമരത്തിന്റെ നൂറാം ദിനമായ ഒക്ടോബർ 13ന് ഉദ്യോഗാർഥികൾ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളഞ്ഞിരുന്നു
രണ്ട് അധ്യയനവർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം ലഭിച്ചിട്ടില്ല. രണ്ടു ജില്ലകളിൽ ഒരു നിയമനംപോലും നടന്നില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അർഹമായ നിയമനം നൽകണമെന്നും, അതിനാവശ്യമായ ഒഴിവുകൾ കണ്ടെത്തി നികത്തണമെന്നും ആവശ്യപ്പെട്ട് 37 ദിവസത്തെ സമരവും 13 ദിവസത്തെ നിരാഹാര സമരവും ഉദ്യോഗാർഥികൾ നടത്തിയിരുന്നു. ഉദ്യോഗാർഥികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ പഠനവിധേയമാക്കുന്നതിനായി സർക്കാർ 45 ദിവസം സമയം ആവശ്യപ്പെട്ടു. തുടർന്ന് 51 ദിവസങ്ങൾക്ക് ശേഷം വീണ്ടും ചർച്ച നടന്നെങ്കിലും, ചില ആവശ്യങ്ങൾ മാത്രം അംഗീകരിക്കുകയും പ്രധാന ആവശ്യമായ അധ്യാപക–വിദ്യാർഥി അനുപാതം 1:25 ആയി പുനർനിശ്ചയിക്കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തതോടെയാണ് സമരം കടുപ്പിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.









0 comments