നെയ്യാറ്റിൻകര ഗോപന്റേത് സ്വാഭാവിക മരണമെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റേത് മരണ കാരണം സംബന്ധിച്ച് നിഗമനത്തിൽ എത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്എച്ച്ഒ എസ് ബി പ്രവീൺ. സ്വാഭാവിക മരണമെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും ആന്തരിക അവയവ പരിശോധന ഫലം കിട്ടിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും എസ് ബി പ്രവീൺ വ്യക്തമാക്കി.
പുറത്തുവന്നിട്ടുള്ള പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. പരിക്കുകളുണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തി, ഒന്നും കണ്ടെത്താനായിട്ടില്ല. ശ്വാസകോശത്തിൽനിന്ന് ലഭിച്ച സാമ്പിൾ പരിശോധനാഫലം വന്നാലേ മരണകാരണം സ്വാഭാവികമാണോ അസ്വഭാവികമാണോ എന്നതിൽ വ്യക്തത വരൂ.
ഇന്ന് രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഗോപൻ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് നടപടികൾ ആരംഭിച്ചത്.
പൊലീസ് സംഘം പുലർച്ചെ തന്നെ നെയ്യാറ്റിൻകര അതിയന്നൂരിലെ ഗോപന്റെ വീട്ടിലെത്തി കല്ലറ തുറക്കുകയായിരുന്നു. നെഞ്ചുവരെ കർപ്പൂരവും ഭസ്മവും അടക്കമുള്ള പൂജാദ്രവ്യങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം സംസ്കരിച്ചത്. ഇത് മാറ്റിയ ശേഷമാണ് പാതി അഴുകിയ നിലയിലുള്ള മൃതദേഹം പുറത്തെടുത്തത്. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെ മൃതദേഹം നാളെ സംസ്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ. നിലവിൽ മൃതദേഹം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഈ മാസം ഒൻപതിനാണ് ഗോപൻ മരിച്ചത്. മരണം നടന്നത് പകൽ 11ന് ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് മരണം ചർച്ചയായത്. നാട്ടുകാർ സംഭവത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. അയൽവാസിയുടെ പരാതിയിൽ പൊലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
0 comments