Deshabhimani

print edition ജിഎൻഎ സെബിയുടെ അന്വേഷണ പരിധിയിൽ

sebi
വെബ് ഡെസ്ക്

Published on Nov 05, 2026, 01:30 AM | 2 min read

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ വൈദ്യുതി ഇടപാട്‌ നടത്തുന്ന ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡ്‌, രാജ്യത്തെ ഉ‍ൗർജ വിപണിയിൽ വിവാദം സൃഷ്‌ടിച്ച ഓഹരി തട്ടിപ്പുകേസിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണം നേരിടുന്ന സ്ഥാപനം.


കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ രഹസ്യ വിവരങ്ങൾ ചോർത്തി ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിന്റെ (ഐഇഎക്‌സ്‌) ഓഹരിയിൽ കൃത്രിമംകാട്ടി കൊള്ളലാഭം ഉണ്ടാക്കിയെന്ന ഇൻസൈഡർ ട്രേഡിങ് കേസിൽ ഉൾപ്പെട്ട കന്പനിയാണ്‌ ജിഎൻഎ. ഇ‍ൗ കന്പനിയുമായാണ്‌ റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ ഇടപാടിന്‌ താൻ അനുമതി നൽകിയെന്ന്‌ മുഖ്യമന്ത്രി പറയുന്നത്‌.


ഐഇഎക്‌സിന്റെ ഓഹരികളിലും അനുബന്ധ ഇടപാടിലും ചിലർ രഹസ്യവിവരം ഉപയോഗിച്ച് വ്യാപാരം നടത്തിയെന്ന്‌ 2025 ഒക്‌ടോബറിൽ സെബി കണ്ടെത്തിയിരുന്നു. തുടർന്ന്‌ ജിഎൻഎയുടെ സിഇഒ സഞ്ജീവ്‌ കുമാർ അടക്കമുള്ള എട്ടുപേരെ ഓഹരി വിപണിയിൽനിന്ന്‌ വിലക്കി. കേന്ദ്ര റെഗുലേറ്ററി കമീഷന്റെ ജൂലൈയിലെ മാർക്കറ്റ് കപ്ലിങ് ഉത്തരവ്‌ ഇവർ ചോർത്തിയെന്നാണ്‌ കണ്ടെത്തിയത്‌.


നിയമവിരുദ്ധമായി 173 കോടിയിലധികം രൂപയുടെ അനധികൃത ലാഭമുണ്ടാക്കിയെന്നും പണം ജിഎൻഎ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റിയെന്നും കണ്ടെത്തി. കമ്പനിയുടെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടിയുണ്ടാകുമെന്ന്‌ കേന്ദ്ര റെഗുലേറ്ററി കമീഷൻ താക്കീത്‌ ചെയ്‌തു. ഊർജ്ജ നിയന്ത്രണ കമീഷനും പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഒരു വർഷമായിട്ടും കേസിൽ തീരുമാനമായിട്ടില്ല.



കുറഞ്ഞ വിലയ്‌ക്ക്‌ വൈദ്യുതി വേണ്ടെന്ന്‌


തിരുവനന്തപുരം : കേരളത്തിന്‌ താപനിലയങ്ങളിൽനിന്നുള്ള വിഹിതമായും പവർ എക്‌സ്‌ചേഞ്ചുവഴിയും കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടാനുള്ളപ്പോൾ അത്‌ വേണ്ടെന്ന കടുംപിടിത്തവുമായി യുഡിഎഫ്‌ സർക്കാർ. കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാൻ അനുമതിനൽകി മുഖ്യമന്ത്രി വി ഡി സതീശൻ നഷ്‌ടക്കച്ചവടത്തിലേക്കാണ്‌ കെഎസ്‌ഇബിയെ തള്ളിവിടുന്നത്‌.


സിന്നാർ താപനിലയത്തിൽനിന്ന്‌ 540 മെഗാവാട്ട്‌ വൈദ്യുതി കിട്ടാനുള്ള കരാറുണ്ട്‌. പീക്ക്‌ സമയത്തടക്കം യൂണിറ്റിന്‌ അഞ്ച്‌ രൂപ നിരക്കുള്ള ഇ‍ൗ കരാർ നടപ്പാക്കാൻ ഉത്സാഹമില്ല. സത്‌ലജ്‌ ജൽ വൈദ്യുത്‌ നിഗം അടക്കമുള്ള കന്പനികൾ യൂണിറ്റിന്‌ 3.32 രൂപ മാത്രമാണ്‌ ആവശ്യപ്പെടുന്നത്‌. മാത്രമല്ല, ദേശീയ പവർ എക്‌സ്‌ചേഞ്ചിൽ ഒക്‌ടോബറോടെ വൈദ്യുതി ലഭ്യത കൂടുകയും വില കുറയുകയും ചെയ്‌തിട്ടുണ്ട്‌.


കഴിഞ്ഞ ദിവസങ്ങളിൽ‍ 24 മണിക്കൂർ വൈദ്യുതിക്ക്‌ യൂണിറ്റിന്‌ 5.40 പൈസയാണ്‌ ശരാശരി വില. പീക്ക്‌ സമയത്ത്‌ 8.46 രൂപയും. ഡേ എഹെഡ്‌ മാർക്കറ്റിൽ 5.05 രൂപയാണ്‌. പീക്ക്‌ സമയത്ത്‌ 9.20 രൂപ. റിയൽടൈം മാർക്കറ്റിൽ ഏറ്റവും കുറഞ്ഞത്‌ 1.42 രൂപയ്‌ക്കുവരെ വൈദ്യുതി കിട്ടാനുണ്ട്‌.


മുഖ്യമന്ത്രിയുടേത്‌ ബാലിശമായ പ്രതികരണം


റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെയും ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിൽനിന്ന്‌ (ജിഎൻഎ) ഓഫർ സ്വീകരിച്ചുമാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ വൈദ്യുതി ഇടപാടെന്നത്‌ മറച്ചുവച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണം. മുൻ സർക്കാരും സ്വകാര്യ കന്പനിയിൽനിന്ന്‌ വൈദ്യുതി വാങ്ങിയെന്നാണ്‌ വാർത്താസമ്മേളനത്തിൽ സതീശന്റെ പറഞ്ഞത്‌.


ടെൻഡറോ റെഗുലേറ്ററി കമീഷന്റെ അനുമതിയോ ഇല്ലാത്ത ഇടപാടുകളല്ല മുൻ സർക്കാർ നടത്തിയത്‌. ഹിമാചലിൽനിന്നുള്ള വൈദ്യുതിക്ക്‌, പിടിസി എന്ന ട്രേഡർക്ക്‌ മാർജിൻ നൽകണമെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ട്രേഡർക്ക്‌ മാർജിൻ നൽകുന്നത്‌ റെഗുലേറ്ററി കമീഷന്റെ നിബന്ധനയ്‌ക്ക്‌ ഉള്ളിൽനിന്നാണ്‌.

മുൻ സർക്കാർ വൈദ്യുതി വാങ്ങിയത്‌ ജിഎൻഎയിൽനിന്ന്‌ ഓഫർ വാങ്ങിയിട്ടല്ല. ജിഎൻഎ പ്ലാറ്റ്‌ഫോമിലുള്ള കന്പനികളിൽനിന്നാണ്‌. അതിൽ വാങ്ങുന്ന സ്ഥാപനവും കൊടുക്കുന്ന സ്ഥാപനവും തമ്മിലാണ് ഇടപാട്. ജിഎൻഎ കക്ഷിയല്ല. ഈ വ്യത്യാസം മറച്ചുവെച്ചാണ് ജിഎൻഎയിൽനിന്ന് ഓഫർ വാങ്ങയുള്ള വൈദ്യുതി ഇടപാട്‌ നീക്കത്തെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home