ad
Deshabhimani

print edition ഉലകംചുറ്റി ജോസഫേട്ടൻ കണ്ടു, കൊച്ചുകേരളത്തിന്റെ വലിപ്പം

Josephettan.jpg
avatar
ആർ ഹേമലത

Published on May 06, 2026, 12:00 AM | 1 min read

കൊച്ചി: ചായയും പുട്ടും വിറ്റ്‌ മിച്ചംപിടിക്കുന്ന പണം ചെലവഴിച്ചാണ്‌ ജോസഫേട്ടന്റെ ഉലകംചുറ്റൽ. ഇതുവരെ 21 ലോകരാജ്യങ്ങൾ ചുറ്റിയടിച്ചു. അടുത്തത്‌ ചൈനയിലേക്കാണ്. ഭാര്യ സിസിലിക്കൊപ്പം സെപ്‌തംബറിലാണ്‌ ചൈനായാത്ര. പണം സന്പാദിക്കുന്നതുകൊണ്ട്‌ ഒന്നും നേടാനാകില്ലെന്നും വ്യത്യസ്ത കാഴ്‌ചകളും രുചികളും ഭാഷയും സംസ്‌കാരവുമൊക്കെ കണ്ടറിയുന്നതിലെ ഹരം മറ്റൊന്നിനുമില്ലെന്നുമാണ്‌ ജോസഫേട്ടന്റെ ഫിലോസഫി.​


‘എവിടെ പോയാലും നമ്മുടെ നാടുതന്നെയാണ്‌ സ്വർഗം. ഇത്രയും സ്വാതന്ത്ര്യമുള്ള ഇടം ഇന്ത്യയിൽപ്പോലും വേറെയില്ലെ’ന്ന്‌ ലോകം കണ്ട ജോസഫേട്ടന്റെ സാക്ഷ്യം. പാലാരിവട്ടം–തമ്മനം റോഡിലെ പള്ളിനടയിലുള്ള ചമ്മണി ടീ ഷോപ്പിന്‌ പൂട്ടിടൽ മാത്രമാണ്‌ ജോസഫേട്ടന്റെ ഉലകസഞ്ചാരത്തിനുള്ള മുന്നൊരുക്കം. വീടിനുമുന്നിലെ സ്വന്തം കടമുറിയിൽ സഹായികളില്ലാതെയാണ്‌ ചായക്കട നടത്തിപ്പ്‌.


അരിപ്പുട്ടും ഗോതന്പുപുട്ടും മാത്രമാണ്‌ കടയിലെ വിഭവങ്ങൾ. പാലാരിവട്ടം ചമ്മണിക്കോടത്ത്‌ വീട്ടിൽ സി ജി എബ്രഹാം (67) എന്ന ജോസഫേട്ടൻ 1984 മുതലാണ്‌ പൂർവികരിൽനിന്ന്‌ കൈമാറിക്കിട്ടിയ ചായക്കട നടത്താൻ തുടങ്ങിയത്‌. 2017ൽ പാലാരിവട്ടം സെന്റ് ജോൺസ്‌ ദി ബാപ്‌റ്റിസ്‌റ്റ്‌ ചർച്ചിൽനിന്നുള്ള സംഘത്തിനൊപ്പം ആദ്യയാത്ര ഇസ്രയേലിലേക്കായിരുന്നു. പലസ്‌തീൻ, ഇ‍ൗജിപ്‌റ്റ്‌, ദുബായ്‌, അബുദാബി, ജോർദാൻ, സിംഗപ്പുർ, ഫ്രാൻസ്‌, ജർമനി, ഇറ്റലി, സ്‌പെയ്‌ൻ, പോർച്ചുഗൽ, റോം, സ്വിറ്റ്‌സർലൻഡ്‌, ഇന്തോനേഷ്യ, ബാലി, വിയറ്റ്‌നാം, കംബോഡിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. ഇന്ത്യയിൽ രാജസ്ഥാൻ, ഡൽഹി, തമിഴ്‌നാട്‌ എന്നിവിടങ്ങളും. ഇന്തോനേഷ്യയിൽ യാത്രയ്‌ക്കിടെ ഓർഡർ ചെയ്‌ത ഭക്ഷണം മറക്കാനാകില്ലെന്ന്‌ ജോസഫേട്ടൻ.


‘മെനുവിൽ കോഴി കണ്ട്‌ ഓർഡർ ചെയ്‌തു. ദാ... വരുന്നു തലയുൾപ്പെടെ നിർത്തിപ്പൊരിച്ച കോഴി. ഉപ്പുമില്ല, മുളകുമില്ല...’ യാത്രയിൽ ഭക്ഷണമോ ഭാഷയോ വിഷയമാകാറില്ലെങ്കിലും ചിലതിനോട്‌ പൊരുത്തപ്പെടാൻ പ്രയാസപ്പെടാറുണ്ട്‌. ചില യാത്രകളിൽ മക്കളായ അന്പിളിയും അഞ്ജുവും അവരുടെ ഭർത്താക്കന്മാരായ ക്രിസ്‌റ്റഫറും അനൂപും കൊച്ചുമകൾ അനേയയും ഒപ്പം കൂടാറുണ്ട്‌. ചില്ലറ ഫോട്ടോകളും ചെറിയസാധനങ്ങളും ചെറിയ ഡയറി കുറിപ്പുകളുമല്ലാതെ യാത്രകളുടെ ശേഷിപ്പുകൾ ഏറെയും ഹൃദയത്തിലാണ്‌. ശ്രീലങ്കയും കശ്‌മീരുമാണ്‌ അടുത്ത ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home