വ്യാജപ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെ: പി എസ് പ്രശാന്ത്
print edition ആഗോള അയ്യപ്പസംഗമം ; കള്ളപ്രചാരണം പൊളിഞ്ഞിട്ടും ആവർത്തിച്ച് മാധ്യമങ്ങൾ

തിരുവനന്തപുരം
ആഗോള അയ്യപ്പസംഗമത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞിട്ടും നുണ ആവർത്തിച്ച് മാധ്യമങ്ങൾ. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് അഡ്വാൻസായി നൽകിയ മൂന്നുകോടി രൂപ, ഒക്ടോബർ 17ന് ബോർഡിലേക്ക് തിരിച്ചടച്ചത് വ്യക്തമായിട്ടും നുണ ആവർത്തിക്കുകയാണ്.
സ്‌പോൺസർഷിപ്പ് തുക വൈകിയാൽ പരിപാടിയുടെ നടത്തിപ്പ് മുടങ്ങാതിരിക്കാൻ ധനലക്ഷ്മി ബാങ്കിൽ ആരംഭിച്ച പ്രത്യേക അക്കൗണ്ടിലേക്ക് ബോർഡിന്റെ ജനറൽഫണ്ടിൽനിന്ന് അഞ്ചു കോടി രൂപയാണ് നിക്ഷേപിച്ചത്. ഇതിൽനിന്നാണ് ഐഐഐസി എന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് മൂന്നുകോടിരൂപ നൽകിയത്. സ്‌പോൺസർമാരിൽനിന്ന് തുക ലഭിച്ചതോടെ ഇൗ മൂന്നുകോടിരൂപ ബോർഡിന്റെ ജനറൽ ഫണ്ടിലേക്ക് നിക്ഷേപിച്ചു. സംഗമത്തിനായി തുടങ്ങിയ അക്കൗണ്ടിൽ ശേഷിക്കുന്ന 1.75 കോടിയോളം രൂപ അവശേഷിക്കുന്നുണ്ട്. ഇതു മറച്ചുവച്ചാണ് വ്യാജപ്രചാരണം.
ഉൗരാളുങ്കലിന് കീഴിലുള്ളതാണ് ഇവന്റ്‌മാനേജ്‌മെന്റ് സ്ഥാപനമായ ഐഐഐസി എന്ന് ആവർത്തിക്കുകയാണ് മാധ്യമങ്ങൾ. സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലുള്ള കിഫ്‌ബിയുടെ അംഗീകാരമുള്ള സ്ഥാപനമാണ് ഐഐഐസി. ഇതിന്റെ നിലവിലെ നടത്തിപ്പ് ചുമതല മാത്രമാണ് ഉൗരാളുങ്കലിനുള്ളത്. മുഖ്യമന്ത്രിക്കായി ഒരു ലക്ഷം രൂപയിലധികം രൂപ ചെലവിട്ട് കട്ടിൽ വാങ്ങിയെന്ന നുണയും ആവർത്തിക്കുന്നു. ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസുകളിലേക്ക് 3.83 ലക്ഷം രൂപ ചെലവിട്ടാണ് ഫർണിച്ചർ അടക്കമുള്ളവ വാങ്ങിയത്.
കൂടുതലായി ആയിരത്തിലധികംപേർക്ക് ഭക്ഷണം നൽകിയെന്ന് കള്ളക്കണക്ക് ഉണ്ടാക്കിയെന്നാണ് മറ്റൊരു നുണ. ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തർ, ദിവസവേതന തൊഴിലാളികൾ, ഡോളി തൊഴിലാളികൾ തുടങ്ങിയവർക്കും ഭക്ഷണം നൽകിയതിനെയാണ് ആക്ഷേപിക്കുന്നത്. സംഗമത്തിനായി മൂന്നാറിൽ മുറിയെടുത്തു എന്നതും നുണയാണ്.
സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയ സ്ഥാപനത്തിന്റെ വീഴ്‌ച പ്രകടമാണ്.
സാധാരണ ഓഡിറ്റിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. ബോർഡിന്റെ വിശദീകരണം ഉൾക്കൊള്ളിക്കാതെയാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയത്. ഇൗ റിപ്പോർട്ട് ഒരുവിഭാഗം മാധ്യമങ്ങൾക്ക് ചോർത്തിനൽകിയതിനുപിന്നിലും ദുരുദ്ദേശ്യമുണ്ട്. ബോർഡ്‌യോഗം ഇതുവരെ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത റിപ്പോർട്ടാണ് സർക്കാർവിരുദ്ധ വാർത്തയ്‌ക്ക് ആയുധമാക്കുന്നത്.
വ്യാജപ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെ: പി എസ് പ്രശാന്ത്
ആഗോള അയ്യപ്പസംഗമത്തിനെതിരെ വ്യാജപ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. മതപരമായ സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയ്‌ക്കായി ദേവസ്വം ബോർഡിന് ഫണ്ട് ചെലവഴിക്കാം. വേണമെങ്കിൽ അങ്ങനെ അയ്യപ്പസംഗമം സംഘടിപ്പിക്കാമായിരുന്നു. എന്നാലും, ബോർഡിന് ബാധ്യത ഉണ്ടാകാത്ത നിലയിൽ സ്‌പോൺസർഷിപ്പിലൂടെ സംഗമം സംഘടിപ്പിക്കാനാണ് തീരുമാനിച്ചതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ആറുകോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്. അതിനുള്ള സ്‌പോൺസർഷിപ്പ് വാഗ്‌ദാനവും ലഭിച്ചു. എന്നാൽ, സംഗമം പൊളിക്കാൻ ലക്ഷ്യമിട്ട് ഉണ്ണിക്കൃഷ്‌ണൻ പോറ്റി രംഗത്തെത്തുകയും സംഭവം വിവാദമാകുകയും ചെയ്‌തതോടെ അത് ലഭിക്കാതായി. എന്നാലും നാലുകോടി രൂപ വാഗ്‌ദാനം ലഭിച്ചു. അതിൽ മൂന്നുകോടി രൂപ ഇതിനകം ലഭിച്ചു. ഒരു കോടി ഉടൻ ലഭിക്കും.
ഒരു പരാതിപോലുമില്ലാതെയാണ് കഴിഞ്ഞ വർഷങ്ങളിൽ മണ്ഡല മകരവിളക്ക് മഹോത്സവം സംഘടിപ്പിച്ചത്.
ഉത്സവകാലത്തെ തെറ്റായ ഒരു നടപടിപോലും ചൂണ്ടിക്കാട്ടാൻ ആർക്കും കഴിഞ്ഞില്ല. ഇതു സംബന്ധിച്ച് ഒരു ചർച്ചയ്‌ക്കും അവസരം ലഭിച്ചില്ല. അതുകൊണ്ടാണ് ഇപ്പോൾ അയ്യപ്പസംഗമത്തിന്റെ പേരിൽ വ്യാജ വാർത്ത സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ഒടുവിൽ കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ദേവസ്വം കമീഷണർ ഓഫീസിൽ വീഴ്‌ചയുണ്ടായിട്ടുണ്ട്. ഇപ്പോൾനുണപ്രചാരണത്തിന് ഇടയാക്കിയത് ഇൗ റിപ്പോർട്ടാണ്. സൂക്ഷ്‌മത ഇല്ലാതെ തയ്യാറാക്കിയ റിപ്പോർട്ട് കമീഷണർ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച് ബോർഡും കണ്ട് വിലയിരുത്തിയ ശേഷമാണ് സ്‌പെഷ്യൽ കമീഷണർവഴി കോടതിക്കു നൽകേണ്ടിയിരുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.










0 comments