ad
Deshabhimani

നന്ദഗോവിന്ദം ഭജൻസിന് പണം നൽകിയിട്ടില്ല; മാധ്യമങ്ങളുടേത് വ്യാജപ്രചാരണം

Aagola ayyappa samgamam Nandagovindam Bhajans
വെബ് ഡെസ്ക്

Published on Feb 13, 2026, 06:35 PM | 2 min read

തിരുവനന്തപുരം: കഴിഞ്ഞ സെപ്തംബർ 20ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിൽ കലാപരിപാടികൾ സംഘടിപ്പിച്ചതിന്റെ പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങൾ. നടക്കാത്ത കലാപരിപാടികൾക്ക് വൻതുക കണക്കിൽപ്പെടുത്തി എന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. കലാപരിപാടികൾ നടത്താൻ ചുമതലപ്പെട്ട ഇവൻറ് മാനേജ്മെന്റ് ഏജൻസി, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടിന് സമർപ്പിച്ച കണക്കിൽ വന്ന ഗുരുതര പിഴവിന്റെ പേരിലാണ് വ്യാജപ്രചാരണം നടത്തുന്നത്.


കലാപരിപാടികളുടെ തുടക്കത്തിൽ ഒരു ഭജൻ വേണമെന്ന അഭിപ്രായം ഉയർന്നുവന്നിരുന്നു. അതിൻ്റെ ഭാഗമായാണ് നന്ദഗോവിന്ദം ഭജൻസിനെ ബന്ധപ്പെടുന്നത്. ഇവന്റ് മാനേജ്മെന്റ് ഏജൻസി ഇതിന് ആവശ്യമായ എസ്റ്റിമേറ്റും തയ്യാറാക്കി. എന്നാൽ, അവരുമായി ബന്ധപ്പെട്ടപ്പോൾ അന്നേ ദിവസം മറ്റു പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ല എന്ന വിവരമാണ് ലഭിച്ചത്. നന്ദഗോവിന്ദം ഭജൻസിന് പരിപാടിയുമായി ബന്ധപ്പെട്ട് ഒരു തുകയും കൈമാറിയിട്ടില്ല എന്ന് രേഖകൾ വ്യക്തമാക്കുന്നു. അതിന് ശേഷം വിവിധ കലാകാരന്മാരെ പരിപാടി നടത്താൻ ബന്ധപ്പെട്ടു എങ്കിലും തിയതി ഒഴിവില്ലാത്തതും മറ്റ് സാങ്കേതിക പ്രശ്നങ്ങളും കാരണം അവർക്കും എത്തിപ്പെടാൻ കഴിയില്ല എന്നാണ് മറുപടി ലഭിച്ചത്.


പിന്നീടാണ് പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവിനെ ബന്ധപ്പെടുന്നത്. വളരെ ചുരുങ്ങിയ സമയത്തിൽ സംഘടിപ്പിച്ച പരിപാടി ആയിട്ട് പോലും ഇഷാൻ ദേവ് അയ്യപ്പ ഭക്തിഗാനങ്ങൾ അടങ്ങുന്ന പുതിയ പ്രൊഡക്ഷൻ ചെയ്തുതരാം എന്ന് ഉറപ്പ് നൽകി. അങ്ങനെ അഞ്ച് ദിവസം കൊണ്ട് 25ൽപരം ആർട്ടിസ്റ്റുകളും 10ൽ അധികം ടെക്നീഷ്യന്മാരും അടങ്ങുന്ന നിരവധി ട്രൂപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഷോ അവതരിപ്പിക്കുകയായിരുന്നു.


കലാകാരന്മാരുടെ അ‍ഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങിയ എല്ലാ ചിലവുകളടക്കം ഇഷാൻ ദേവ് നൽകിയ പ്രൊപ്പോസൽ എട്ട് ലക്ഷം രൂപയുടേത് ആയിരുന്നു. അതിന്റെ ബിൽ കൈമാറുകയും ചെയ്തു. ഇതിൽ നാല് ലക്ഷം രൂപയാണ് ഇഷാൻ ദേവിന് ഇതുവരെ നൽകിയത്. അതോടൊപ്പം ആഗോള അയ്യപ്പസംഗമത്തിൻ്റെ സമാപനത്തിൽ വിജയ് യേശുദാസ്, വീരമണി, സുദീപ് എന്നിവർ നയിക്കുന്ന ഭക്തി ഗാനമേളയും അവതരിപ്പിച്ചു. ഇതിന് വേണ്ടി സുദീപിൻ്റെ കമ്പനി സമർപ്പിച്ചിരിക്കുന്നത് 28 ലക്ഷം രൂപയുടെ ബില്ലാണ്. ഇതിൽ പകുതിയോളം തുക നൽകിയിട്ടുണ്ട്.


ഇവന്റ് മാനേജ്മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടിന് നേരിട്ട് സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ വന്ന ഗുരുതര പിഴവാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിൽ പ്രചരിക്കാൻ ഇടയായത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ആകെ ചിലവുകൾ ജിഎസ്ടി ഉൾപ്പെടെ അഞ്ചുകോടി രൂപയ്ക്കുള്ളിൽ പരിമതപ്പെടുത്തുന്നത് സംബന്ധിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗം ചേരുകയും അപ്രകാരം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇത് ശബരിമല സ്പെഷ്യൽ കമീഷണറെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇവന്റ് മാനേജ്മെന്റ് ഏജൻസി സമർപ്പിച്ച ബില്ലുകൾ, ഇൻവോയ്സ് എന്നിവ ചൊവ്വാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗം പരിശോധിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home