ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു; തലയോട്ടിക്ക് പൊട്ടലും ക്ഷതവും

തിരുവനന്തപുരം: കേരള എക്‌സ്‌പ്രസിൽനിന്ന് പുറത്തേക്ക് തള്ളിയിട്ട പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി (സോനു, 20)ക്ക് ട്രാക്കുകൾക്കിടയിൽ തലയിടച്ച് വീണാണ് ഗുരുതരമായ പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. തലയോട്ടിക്ക് പൊട്ടലും ആഴത്തിലുള്ള ക്ഷതങ്ങളും ശ്രീക്കുട്ടിക്കുണ്ട്.
പ്രതിയായ വെള്ളറട പനച്ചുമൂട് വേങ്ങോട് വടക്കിൻകര വീട്ടിൽ സുരേഷ് കുമാറിനെ (50) റിമാൻഡ് ചെയ്‌തു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പുറത്തേക്ക് ചവിട്ടി തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചു.
ഞായർ രാത്രി എട്ടോടെ വർക്കല അയന്തിപാലത്തിന് സമീപത്താണ് സംഭവം. നിലവിളി കേട്ട് മറ്റ് യാത്രക്കാർ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കൊച്ചുവേളിയിൽവച്ച് പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.










0 comments