പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരി മരിച്ചു

കുന്നിക്കോട് (കൊല്ലം) : വിളക്കുടി കിണറ്റിൽകരയിൽ തെരുവുനായയുടെ കടിയേറ്റതിനെതുടർന്ന് പേവിഷബാധ സ്ഥിരീകരിച്ച ഏഴുവയസ്സുകാരി മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊല്ലം കുന്നിക്കോട് സ്വദേശിനിയാണ് കുട്ടി.
ഏപ്രിൽ എട്ടിനാണ് വീടിനുസമീപത്തുവച്ച് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ഇടതു കൈമുട്ടിന് താഴെ മുറിവേറ്റു. ഉടൻ വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ഐഡിആർവി വാക്സിൻ നൽകി. അന്നുതന്നെ പുനലൂർ താലൂക്കാശുപത്രിയിൽനിന്ന് ഇമ്യൂണോഗ്ലോബിൻ വാക്സിനും നൽകി.
മൂന്നുതവണ വാക്‌സിൻ എടുത്തു. നാലാം വാക്‌സിൻ എടുക്കുംമുമ്പ് കുട്ടിക്ക് കടുത്ത വിറയലോടു കൂടിയ പനിയും ശരീരവേദനയും അനുഭവപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽനിന്നാണ് എസ്‌എടിയിൽ എത്തിച്ചത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. കുട്ടിയോടൊപ്പം ഇടപഴകിയവർക്ക് പ്രതിരോധ വാക്‌സിൻ നൽകിയിട്ടുണ്ട്. മെഡിക്കൽ സംഘവും പരിശോധന നടത്തി.








0 comments