print edition ജർമനിയിൽ തൊഴിൽ പരിശീലനവുമായി സംസ്ഥാന സർക്കാർ ; മാസം 1.30 ലക്ഷം രൂപ സ്‌റ്റൈപ്പൻഡ്

എസ് കിരൺബാബു
Published on Jan 26, 2026, 01:49 AM | 1 min read
തിരുവനന്തപുരം
പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽ പരിശീലനം നൽകാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. മാസം 1.30 ലക്ഷം രൂപവരെ സ്‌റ്റൈപ്പൻഡ് ലഭിക്കുന്ന ഡ്യൂവൽ വൊക്കേഷണൽ ട്രെയിനിങ് പദ്ധതി തൊഴിൽവകുപ്പിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെഎഎസ്ഇ) വഴിയാണ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ 500 വിദ്യാർഥികൾക്കാണ് ജർമനിയിൽ പരിശീലനത്തിന് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ ചെലവും സൗജന്യമാണ്.
മൂന്നര വർഷമാണ് കാലാവധി. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജർമനിയിൽ സ്ഥിരംവിസയോടെ ജോലിയും ലഭിക്കും. ഇതിനുള്ള ആദ്യ ഇൻഡോ- ജർമൻ ട്രെയിനിങ് ഫെയർ (ഐജിടിപി) ഫെബ്രുവരി അവസാനവാരം സംഘടിപ്പിക്കും. ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവർക്കാണ് അവസരം. ഇൻഡോ- ജർമൻ ട്രെയിനിങ് ഫെയറിന്റെ ഭാഗമായി ജർമനിയിലെ വൻകിട കമ്പനി പ്രതിനിധികൾ കേരളത്തിലെത്തും. ലോജിസ്റ്റിക്, ഐടി, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, പൂന്തോട്ടപരിപാലനം, കൃഷി, പ്ലംബിങ്, ഭക്ഷ്യ സംസ്കരണം തുടങ്ങി മുന്നൂറോളം തൊഴിൽ മേഖലകളിലാണ് പരിശീലനം. 28 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. എല്ലാ വർഷവും ഈ പദ്ധതിവഴി വിദ്യാർഥികളെ കൊണ്ടുപോകും.
9,000 കോടിയുടെ ജർമൻ നിക്ഷേപം
ജർമനിയിലെ അഞ്ച് പ്രമുഖ സർവകലാശാലകളുടെ കൂട്ടായ്മയായ ‘നെക്‌സ്‌റ്റ് ജെൻ സ്റ്റാർട്ടപ് ഫാക്ടറി' കേരളത്തിൽ 9,000 കോടി രൂപയുടെ (ഒരു ബില്യൺ യൂറോ) നിക്ഷേപം നടത്തുമെന്ന് നേരത്തെ സംസ്ഥാനത്തെ അറിയിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും കേരള സ്റ്റാർട്ടപ്പ് മിഷനും ജർമനിയിലെ നെക്സ്റ്റ് ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയും ധാരണപത്രം ഒപ്പിട്ടി. ഇതുവഴി സംസ്ഥാനത്ത് 300 പുതിയ 'ഡീപ് ടെക്' സ്റ്റാർട്ടപ്പ് ആരംഭിക്കും.










0 comments