ഗസറ്റ് വിജ്ഞാപനം വഴി ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റാം ; വ്യവസ്ഥകൾ ലഘൂകരിച്ച് സർക്കാർ

തിരുവനന്തപുരം : ഇനി ഗസറ്റ് വിജ്ഞാപനം വഴി ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാം. കേരളത്തിൽ ജനനം രജിസ്റ്റർചെയ്തവർക്ക് ഇത്തരത്തിൽ പേര് ഒറ്റത്തവണ തിരുത്താൻ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഗസറ്റ് വിജ്ഞാപനമനുസരിച്ച് എസ്എസ്എൽസി സർട്ടിഫിക്കറ്റിലും സ്കൂൾ രേഖയിലും പേര് മാറ്റാനും ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം ജനന സർട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ പഠിച്ചവർക്കും ഇന്ത്യയ്ക്ക് പുറത്ത് പഠിച്ചവർക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും സ്കൂൾ രേഖകളിൽ മാറ്റം വരുത്താനാകാത്തതിനാൽ ജനന സർട്ടിഫിക്കറ്റ് തിരുത്താനായിരുന്നില്ല. ഈ വ്യവസ്ഥയാണ് തദ്ദേശ വകുപ്പ് ലഘൂകരിച്ചത്.
കാലോചിതമായി ചട്ടവും നിയമവും പരിഷ്കരിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശ്രമങ്ങളിൽ ഒന്നാണ് തീരുമാനമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കൊല്ലം ഇളമ്പള്ളൂർ പഞ്ചായത്തിലെ വഞ്ചിമുക്ക് ലക്ഷ്മിസദനത്തിൽ കണ്ണൻ ബി ദിവാകരൻ നവകേരള സദസിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം.










0 comments