മരിച്ചത് മൂവായിരത്തിലേറെപ്പേർ; അമേരിക്കയെ പിടിച്ചുകുലുക്കിയ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്

2001 സെപ്‌തംബർ 11ന് അൽഖായ്‌ദ റാഞ്ചിയ വിമാനങ്ങൾ ഇടിച്ചുകയറിയതിനെ തുടർന്ന് തീപിടിച്ച വേൾഡ് ട്രേഡ് സെന്റർ ഗോപുരങ്ങൾ
ന്യൂയോർക്ക്: അമേരിക്കയെ നടുക്കിയ സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് 25 വർഷം. ഭീകരസംഘടനയായ അൽഖായ്‌ദ റാഞ്ചിയ വിമാനങ്ങൾ 2001 സെപ്‌തംബർ 11ന് ലോക വ്യാപാരകേന്ദ്രത്തിന്റെ (വേൾഡ് ട്രേഡ് സെന്റർ) ഇരട്ട ടവറുകളിൽ ഇടിച്ചുകയറ്റുകയായിരുന്നു.
രാവിലെ 8.46ന് ഒരു അമേരിക്കൻ എയർലൈൻസ് വിമാനം കേന്ദ്രത്തിന്റെ നോർത്ത് ടവറിലും 9.03ന് രണ്ടാമത്തെ വിമാനം സൗത്ത് ടവറിലും ഇടിച്ചിറക്കി. 9.37ന്, മൂന്നാമത്തെ വിമാനം വാഷിങ്‌ടൺ ഡിസിക്ക് സമീപം വിർജീനിയയിലെ ആർലിംങ്‌ടണിൽ പെന്റഗണിണിന് സമീപം ഇടിച്ചിറക്കി. നാലാമത്തെ വിമാനമായ, യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93ലെ യാത്രക്കാർ റാഞ്ചികളെ കീഴടക്കി ലക്ഷ്യത്തിലെത്തുന്നതിൽനിന്ന് തടഞ്ഞു. ഏകദേശം 3000 ആളുകളാണ് മരിച്ചത്. ഒസാമ ബിൻ ലാദനാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് അമേരിക്ക കണ്ടെത്തി. പാകിസ്ഥാനിലെ അബോട്ടാബാദിൽ ഒളിവിലിരുന്ന ലാദനെ 2011 മേയിൽ രണ്ടിന് അമേരിക്കൻ സൈന്യം വധിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ആയിരത്തോളംപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഭീകരതയ്ക്കെതിരായ യുദ്ധം എന്ന പേരിൽ ലോകമെമ്പാടും അമേരിക്കൻ അധിനിവേശവും കടന്നാക്രമണവും വ്യാപിപ്പിച്ചത് 9/11ന്റെ ആക്രമണത്തിന് ശേഷമായിരുന്നു.









0 comments