യുപിഐ ആപ്പ് തുറക്കാതെ തന്നെ പണമിടപാട്; പുതിയ ടാപ് ആൻഡ് പേ സംവിധാനം

പ്രതീകാത്മക ചിത്രം
മുംബൈ: യുപിഐ ആപ്പ് തുറക്കാതെ തന്നെ കടകളിൽ പണമടയ്ക്കാൻ കഴിയുന്ന പുതിയ ടാപ് ആൻഡ് പേ സംവിധാനവുമായി എൻപിസിഐ. ഇന്റർനെറ്റ് ലഭ്യത കുറവുള്ള സ്ഥലങ്ങളിലും പണമിടപാട് നടത്താൻ കഴിയുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.
എൻഎഫ്സി (നിയർ ഫീൽഡ് കമ്യൂണിക്കേഷൻ) സൗകര്യമുള്ള മൊബൈൽ ഫോൺ, കടകളിലെ പോയിന്റ് ഓഫ് സെയിൽ (പോസ്) മെഷീനു സമീപം പിടിച്ചാൽ പണമിടപാട് പൂർത്തിയാകും. ഫോൺ എയറോപ്ലെയിൻ മോഡിലാണെങ്കിലും ടാപ് ആൻഡ് പേ പ്രവർത്തിക്കും. പോസ് മെഷീനിലെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് ഇടപാട് പൂർത്തിയാക്കുന്നത്.
നിലവിൽ 32 ബാങ്കുകളും 15 യുപിഐ ആപ്പുകളും എട്ട് അഗ്രിഗേറ്റർ കമ്പനികളും 18 പേയ്മെന്റ് സർവീസ് സേവനദാതാക്കളും സംവിധാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്ന യുപിഐയിലും റുപേ ക്രെഡിറ്റ് കാർഡ് ബന്ധിപ്പിച്ച യുപിഐ അക്കൗണ്ടിലും ടാപ് ആൻഡ് പേ ഉപയോഗിക്കാം. 5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് പിൻ ആവശ്യമില്ല. അതിന് മുകളിലുള്ള തുകയ്ക്ക് പോസ് മെഷീനിൽ യുപിഐ പിൻ നൽകണം.
ഇതിനൊപ്പം ‘മൈ യുപിഐ’ എന്ന പുതിയ ഉപഭോക്തൃ സേവന സംവിധാനവും എൻപിസിഐ അവതരിപ്പിച്ചു. എല്ലാ യുപിഐ ഇടപാടുകളും ഒരിടത്ത് കാണാനും ഇടപാടിന് മുമ്പ് പണം അയയ്ക്കുന്ന വ്യക്തിയെ തിരിച്ചറിയാനും ഇതിലൂടെ കഴിയും.
സംശയകരമായ ഇടപാടുകൾ തടയുന്നതിനുള്ള സേഫ്റ്റി സ്വിച്ച് സംവിധാനവും ഇതിലുണ്ട്. യുപിഐയുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ വേർപെടുത്തുന്നതിനുള്ള ‘യുപിഐ നമ്പർ ഡീലിങ്ക്’ സൗകര്യവും പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.









0 comments