സോഷ്യൽ മീഡിയ പോസ്റ്റിനെച്ചൊല്ലി തർക്കം; ഉത്തർപ്രദേശിൽ വ്യാപാരി കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം
ഗോണ്ട: സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഗോണ്ടയിൽ 45 കാരനായ വ്യാപാരിയെ 10 അംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
കൊല്ലപ്പെട്ട വിനോദ് കുമാർ സാഹനി പ്രാദേശിക മാർക്കറ്റിൽ പാത്രക്കട നടത്തുന്ന വ്യാപാരിയായിരുന്നു. ബുധനാഴ്ച വൈകിട്ട് കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാല് ബൈക്കുകളിലായി എത്തിയ 10 പേർ സാഹനിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച ശേഷം ഗുരുതരമായി പരിക്കേറ്റ ഇയാളെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഗോണ്ട മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സാഹനിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച മരിച്ചു. മരണത്തിന് മുമ്പ് ആക്രമിച്ചവരിൽ മൂന്ന് പേരെ സാഹനി തിരിച്ചറിഞ്ഞിരുന്നു.
സംഭവത്തിൽ 10 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. സാഹനി മരിച്ചതോടെ കൊലപാതകക്കുറ്റവും എഫ്‌ഐആറിൽ ചേർത്തു. സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകളെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലെന്ന് പൊലീസ് അറിയിച്ചു.










0 comments