ad
Deshabhimani

വൈക്കത്ത് ​ഗ്യാസ് ശ്മശാനത്തിൽ മോഷണം; 16 സിലിണ്ടർ മോഷണം പോയി

Robbery
വെബ് ഡെസ്ക്

Published on Jun 26, 2026, 07:50 AM | 1 min read

വൈക്കം: ടിവി പുരം പഞ്ചായത്തിൽ ചേരിക്കൽ പുതിയതായി നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് പൊതുശ്മശാനത്തിൽ മോഷണം. മുറിയിൽ സൂക്ഷിച്ചിരുന്ന 16 സിലിണ്ടർ നഷ്ട‌പ്പെട്ടു. മുറിയുടെ പൂട്ട് തകർത്താണ് അകത്തു കയറി മോഷണം നടത്തിയത്. കഴിഞ്ഞദിവസം ഹരിതകർമസേനാംഗങ്ങൾ സമീപത്തുള്ള എംസിഎഫിന്റെ മുറി തുറക്കാനെത്തിയപ്പോൾ കതകിന്റെ പൂട്ട് തകർത്തനിലയിൽ കണ്ടതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്.


തുടർന്ന് പഞ്ചായത്ത് സെക്രട്ടറി വൈക്കം പൊലീസിൽ പരാതി നൽകി. തുടർന്ന് വിരലടയാളവിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും, യാതൊരു സൂചനയും ലഭിച്ചില്ല. പ്രദേശത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു.ശ്മശാനത്തിന്റെ പ്രവർത്തനത്തിനായുള്ള, 19 കിലോ തൂക്കംവരുന്ന 16 കൊമേഴ്‌സ്യൽ സിലിൻഡറാണ് മോഷണംപോയത്. ഏകദേശം 75,000 രൂപയുടെ നഷ്ടമെന്നാണ് നി​ഗമനം.


വൈക്കം ബ്ലോക്ക് പഞ്ചായത്ത്, ടിവി പുരം ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ 93 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ശ്മശാനം നിർമിച്ചത്. 2025 ഒക്ടോബറിൽ ഇതിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും, പ്രവർത്തിക്കുന്നതിനാവശ്യമായ രേഖകൾ ലഭിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. അടുത്ത ദിവസങ്ങളിലായി രേഖകളെല്ലാം ലഭിച്ചെങ്കിലും കളക്ടറുടെ പ്രവർത്തനാനുമതി ആവശ്യമാണ്. ജൂലായ് എട്ടിന് പ്രവർത്തനക്ഷമമാക്കാനുള്ള അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ്‌ സിലിൻഡറുകൾ മോഷണം പോയത്. പൊലീസ് അന്വേഷണം നടത്തി വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home