ad
Deshabhimani

മദ്യപിച്ച് ലക്കുകെട്ട് വരൻ എത്തി; വിവാഹം വേണ്ടെന്ന് വെച്ച വധുവിനെ ആദരിച്ച് പൊലീസ്

marriage

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 26, 2026, 09:12 AM | 1 min read

റായ്പൂർ: മദ്യപിച്ച് ലക്കുകെട്ട് വരൻ എത്തിയതിനെ തുടർന്ന് വിവാഹം വേണ്ടെന്ന് വെച്ച വധുവിനെ ആദരിച്ച് പൊലീസ്. മദ്യപാനത്തിനെതിരെ ശക്തമായ നിലപാടെടുത്ത വധു മുസ്കാൻ പ്രധാനെ ജാഞ്ജ്ഗീർ-ചാമ്പ ജില്ലാ പോലീസ് സൂപ്രണ്ട് (SP) വിജയ് കുമാർ പാണ്ഡെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ആദരിച്ചത്. വിവാഹം വേണ്ടെന്ന നിലപാട് വധു സ്വീകരിച്ചതോടെ കല്യാണപന്തലിൽ വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഛത്തീസ്ഗഢിലെ ജാഞ്ജ്ഗീർ-ചാമ്പ ജില്ലയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.


ചാമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോസ്മന്ദ ഗ്രാമവാസിയായ മുസ്കാനും ഖോഖ്ര ഗ്രാമത്തിലെ സന്ത് റാമും (24) തമ്മിലുള്ള വിവാഹം ജൂൺ 23-നായിരുന്നു നിശ്ചയിച്ചിരുന്നത്. വൈകുന്നേരം നാലുമണിയോടെ വധൂഗൃഹത്തിൽ എത്തിയതോടെ വിവാഹചടങ്ങളുകളിലേയ്ക്ക് കടന്നു. എന്നാൽ നേരെ നിൽക്കാൻ കഴിയാത്ത വിധം വരൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. വരന്റെ മദ്യപാനം ശ്രദ്ധയിൽപ്പെ‌ട്ട വവധു മുസ്കാൻ വിവാഹത്തിൽ നിന്നും പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.


വധുവിന്റെ തീരുമാനത്തോടെ ഇരു കുടുംബങ്ങളും അതിഥികളും തമ്മിൽ തർക്കമുണ്ടായി, കയ്യാങ്കളിയിലേയ്ക്കും നീണ്ടു. തുടർന്ന് പൊലീസ് എത്തിയാണ് രം​ഗം ശാന്തമാക്കിയത്. വിവാഹ നിശ്ചയത്തിന് വന്നപ്പോഴും സന്ത് റാം മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും, അന്ന് താൻ ഇയാൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നതായും മുസ്കാൻ പറഞ്ഞു. ഇനി മദ്യപിക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടും അത് പാലിക്കാത്ത ആൾക്കൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് വധു ഉറച്ച തീരുമാനം എടുക്കുകയായിരുന്നു. ഈ തീരുമാനത്തെയാണ് പൊലീസ് ആദരിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home