വീണ്ടും സാങ്കേതിക തകരാർ: യാത്രക്കാരെ വലച്ച് ബംഗളൂരുവിലെ പർപ്പിൾ ലൈൻ മെട്രോ

ബംഗളൂരു: ബംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിൽ വീണ്ടും സാങ്കേതിക തകരാർ. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ ഒരു മെട്രോ ട്രെയിനിന്റെ വാതിൽ ശരിയായി അടയാത്തതാണ് സർവീസിനെ ബാധിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 7.36ഓടെയാണ് സംഭവം.17 മിനിറ്റ് സർവീസുകൾ വൈകി. തുടർച്ചയായി വന്ന അഞ്ച് ട്രെയിനുകളെ ഇത് ബാധിച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മെട്രോ യാത്രക്കാരെ സ്റ്റേഷനിൽ ഇറക്കി. തുടർന്ന് സാങ്കേതിക തകരാർ പരിഹരിച്ച് സർവീസ് പൂർണമായി പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം പർപ്പിൾ ലൈനിൽ സമാനമായ രീതിയിൽ മറ്റൊരു സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. 'കറന്റ് കളക്ടർ ഉപകരണത്തിലെ' (CCD) തകരാറായിരുന്നു അന്ന് പ്രശ്നമായത്. തിരക്കേറിയ സമയത്തായതിനാൽ യാത്രക്കാർ മെട്രോയിൽ കുടുങ്ങിപ്പോയി. ബദൽ ഗതാഗതം തേടി യാത്രക്കാർക്ക് റോഡിലിറങ്ങേണ്ടി വന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.
2024 ജനുവരി മുതൽ ബംഗളൂരു മെട്രോയിൽ ഏകദേശം 20ഓളം സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ പർപ്പിൾ ലൈനിലാണ് കൂടുതൽ തകരാറുകൾ ഉണ്ടായിരിക്കുന്നത്. മെട്രോയുടെ അറ്റകുറ്റപ്പണികളിലും പ്രവർത്തനത്തിലും ഗുരുതരമായ വീഴ്ചയുണ്ടെന്നും, ഇത് യാത്രക്കാരുടെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നും ആരോപണമുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന ഈ തടസങ്ങൾ മെട്രോയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.









0 comments