print edition ഗ്യാസ് ഏജൻസി കൈമാറ്റം ചെയ്യാമെന്ന് പറഞ്ഞ് പണംവാങ്ങി; ചാമക്കാലയ്‌ക്കെതിരെ കേസ്

ജ്യോതികുമാർ ചാമക്കാല

സ്വന്തം ലേഖകൻ
Published on Apr 05, 2026, 02:28 AM | 1 min read
കൊല്ലം: പുനലൂരിലുള്ള ഗ്യാസ് വിതരണ ഏജൻസി കൈമാറ്റം ചെയ്യാമെന്ന് പറഞ്ഞ് പണം തട്ടിയതിന് പത്തനാപുരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലക്കെതിരെ കോടതിയിൽ കേസ്. ജ്യോതികുമാറിനെതിരെ കൊട്ടാരക്കര പുലമൺ കോട്ടപ്പുറം കാർത്തികയിൽ ദർശന യാണ് പരാതി നൽകിയത്.
സിഎംപി 5125/2026 നന്പരിലുള്ള കേസ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേട്ട് കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ഡീലറാണ് ജ്യോതികുമാർ. എൽപിജി വിതരണം ദർശനയ്‌ക്ക് കൈമാറ്റം ചെയ്യാമെന്നുപറഞ്ഞ് 2024 ഏപ്രിൽ അഞ്ചിന് ജ്യോതികുമാർ 80 ലക്ഷം രൂപയുടെ ധാരണാപത്രം തയ്യാറാക്കി. ഇതുപ്രകാരം ഫെഡറൽ ബാങ്ക് കലയപുരം ശാഖയുടെ 10ലക്ഷം രൂപയുടെ ചെക്ക് (ചെക്ക് നന്പർ 240226-) 2024 ഏപ്രിൽ അഞ്ചിന് മുൻകൂറായി ദർശന നൽകി. ബാക്കി 70 ലക്ഷം രൂപ രണ്ട് തവണകളായി നൽകാമെന്ന് ജ്യോതികുമാറുമായി ധാരണയായി. ധാരണാപത്രം കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ (നന്പർ: 19/IV /2024) ചെയ്‌തു. എന്നാൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ അനുമതിയോടെ മാത്രമേ എൽപിജി വിതരണം കൈമാറ്റം ചെയ്യാൻ കഴിയൂ എന്ന വസ്‌തുത മറച്ചുവച്ചാണ് ജ്യോതികുമാർ ധാരണാപത്രം ഒപ്പിട്ട് അഡ്വാൻസ് തുക കൈപ്പറ്റിയതെന്നാണ് പരാതി.
ജ്യോതികുമാറിന് എതിരെ ആദ്യം കൊട്ടാരക്കര സബ് കോടതിയിലാണ് ദർശന കേസ് നൽകിയത്. കോടതി കേസ് ആർബിട്രേഷന് വിട്ടെങ്കിലും ജ്യോതികുമാർ സഹകരിച്ചില്ല. തുടർന്ന് ദർശന കൊല്ലം റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.










0 comments