21 കിലോ കഞ്ചാവ് കടത്തിയ കേസ്: പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

തൃശൂർ: വിൽപ്പനക്കായി 21 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും. അനധികൃത വിൽപ്പനക്കായി 20.845 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതികളായ പാലക്കാട് മങ്കര മാങ്കുറിശ്ശി സ്വദേശി മേലേപ്പറമ്പിൽ രാജേഷ് (44 ), കിഴക്കേ ചാലക്കുടി കിഴക്കേ പോട്ട അറയ്ക്കൽ മാളക്കാരൻ രഞ്ജു (43) എന്നിവരെ തൃശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ വി രജനീഷാണ് ശിക്ഷ വിധിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസം അധികത്തടവ് അനുഭവിക്കേണ്ടി വരും.
2021 ആഗസ്ത് 12നാണ് കേസിനാസ്‌പദമായ സംഭവം. ദേശീയപാത മുരിങ്ങൂരിലെ സർവീസ് റോഡിനടുത്തു വെച്ച് കൊരട്ടി പൊലീസ് സബ് ഇൻസ്‌പെക്ടർ ഇ ഡി ഷാജുവിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 67 രേഖകളും തൊണ്ടിമുതലും ഹാജരാക്കുകയും 22 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. കൊരട്ടി സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ബി ആർ അരുണാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി തൃശൂർ എൻഡിപിഎസ് സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എം കെ ഗിരീഷ്‍മോഹൻ, അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സോളി ജോസഫ്, മുൻ അഡീ. പബ്ലിക്ക് പ്രോസിക്യൂട്ടർ ഡിനി ലക്ഷ്മൺ പി. എന്നിവർ ഹാജരായി.









0 comments