ഹൃദയംപൊട്ടി നാട്; മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന് വിടനൽകി

അടിമാലി: അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന് നാട് വിടനല്‍കി. അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്ന് ഉച്ചയോടെ മൃതദേഹം ബിജുവിന്റെ കുടുംബവീട്ടിൽ എത്തിച്ചു. മൂന്നരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ജനപ്രതിനിധികളുൾപ്പെടെ നിരവധിപേരാണ് ബിജുവിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. ബിജുവിനൊപ്പം അപകടത്തിൽപ്പെട്ട ഭാര്യ സന്ധ്യ കൊച്ചി രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു വർഷം മുൻപാണ് സന്ധ്യയുടെയും ബിജുവിന്റെയും മകൻ ക്യാൻസർ ബാധിച്ച് മരിച്ചത്. അതിന്റെ ആഘാതത്തിൽ നിന്ന് കുടുംബം കറകയറിയിട്ടില്ല. ബിജുവിൻ്റെ മകൾ കോട്ടയത്ത് നേഴ്സിംഗ് വിദ്യാർഥിയാണ്. മകളുടെ പഠന ചെലവ് നഴ്‌സിംഗ് കോളജ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ശനി രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അടിമാലി ലക്ഷംവീടിന് സമീപം 40 അടിയോളം ഉയരത്തിൽനിന്നും മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. ബന്ധുവീട്ടിൽ പോയ ബിജുവും കുടുംബവും സർട്ടിഫിക്കറ്റ് എടുക്കാൻ മടങ്ങിവന്നപ്പോഴായിരുന്നു അപകടം. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുവരേയും പുറത്തെത്തിച്ചെങ്കിലും ബിജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.










0 comments