ad
Deshabhimani

ഇന്ധന വിതരണം കർശനമാക്കുന്നു; പുരവഞ്ചിക്കും മത്സ്യബന്ധനത്തിനും തിരിച്ചടിയാകും

house boat alappuzha

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Jun 14, 2026, 09:46 AM | 1 min read

ആലപ്പുഴ : ഇന്ധന വിതരണത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന കർശന വ്യവസ്ഥകൾ ആലപ്പുഴയിൽ പുരവഞ്ചിയടക്കമുള്ള ടൂറിസം മേഖലയെയും കടൽ മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും. നിലവിൽതന്നെ പല പ്രത്രിസന്ധികളും നേരിടുന്ന ഇ‍ൗ വ്യവസായങ്ങൾ കൂടുതൽ കൂപ്പുകുത്താനിടയാക്കും.


വെള്ളിയാഴ്‌ച വൈകിട്ടാണ്‌ ഇതുസംബന്ധിച്ച നിർദേശം ഡീലർമാർക്ക്‌ ലഭിച്ചത്‌. വാഹനങ്ങൾക്ക്‌ 200 ലിറ്റർ ഇന്ധനം മാത്രമേ പ്രതിദിനം നൽകാവെന്നും കുപ്പികളിലോ കാനിലോ നൽകരുതെന്നുമാണ്‌ പ്രധാന നിർദേശം. പശ്‌ചിമേഷ്യയിലെ യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധിയെന്ന് ന്യായം പറഞ്ഞ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കാനെന്ന പേരിലാണ്‌ നടപടി. കുപ്പികളിലും കാനുകളിലും ഇന്ധനം നൽകരുതെന്ന വ്യവസ്ഥയും നേരത്തേയുള്ളതാണ്‌. കൂടുതൽ കർശനമാക്കാനാണ്‌ നീക്കം. വാഹനങ്ങളിലല്ലാതെ ഇന്ധനം വാങ്ങണമെങ്കിൽ കമ്പനി നിർദേശിച്ച കാനുകൾ വാങ്ങണം. 20 ലിറ്ററിന്റെ കാനുകൾക്ക്‌ 3000 രൂപയാണ്‌ വില. ഇവ ബുക്ക്‌ ചെയ്‌ത്‌ ദിവസങ്ങൾ കഴിഞ്ഞാലാണ്‌ ലഭിക്കുക.

ജില്ലയിലെ ടൂറിസം മേഖലയ്‌ക്ക്‌ കനത്ത തിരിച്ചടിയാവുന്നതാണ്‌ നടപടി. പുരവഞ്ചികൾക്ക്‌ നേരിട്ട്‌ ഡീസൽ അടിക്കാൻ ജില്ലയിൽ സ‍ൗകര്യമില്ല. പുന്നമടയിൽ മാത്രമാണ്‌ ഒരു പമ്പ് ഉള്ളത്‌. അവിടെ മിക്കപ്പോഴും ഇന്ധനം കാണില്ല. കേവലം ഒരു പന്പ്‌ കൊണ്ടുമാത്രം പുരവഞ്ചികൾക്ക്‌ ആവശ്യത്തിന്‌ ഇന്ധനം ലഭ്യമാക്കാനാവില്ല. ഇതിനാൽ കാനുകളിലും കണ്ടെയ്‌നറുകളിലും ഡീസൽ വാങ്ങിയാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇത്‌ ഇല്ലാതാവുന്നതോടെ ടൂറിസം മേഖലയിൽ പ്രശ്‌നം രൂക്ഷമാവും.


നിർദേശം പിൻവലിച്ചില്ലെങ്കിൽ സമരം : കേരള ഹ‍ൗസ്‌ ബോട്ട്‌ ഓണേഴ്‌സ്‌ സമിതി


​ഇന്ധന ഉപയോഗം കുറയ്‌ക്കണമെന്ന ആഹ്വാനത്തിന്റെ പേരില്‍ ഹൗസ്‌ബോട്ടുകള്‍ക്ക് കണ്ടെയ്‌നറുകളില്‍ ഇന്ധനം നല്‍കില്ലെന്ന നിലപാട് പുനപരിശോധിക്കണമെന്ന് കേരള ഹൗസ്‌ബോട്ട് ഓണേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ് എം അനസും സെക്രട്ടറി എം ലിജുവും ആവശ്യപ്പെട്ടു. നിലവില്‍ ഹൗസ് ബോട്ടുകള്‍ക്ക് ഇന്ധനം നിറയ്‌ക്കാന്‍ കനാല്‍ തീരങ്ങളോട് ചേര്‍ന്ന് മതിയായ സംവിധാനം ഇല്ല. സംവിധാനം ഒരുക്കാതെ ഇങ്ങനെയൊരു നിബന്ധന അടിച്ചേല്‍പ്പിക്കുന്നത് ഭാവനാശൂന്യമാണ്. ഇത്‌ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ തളര്‍ത്തും. അശാസ്ത്രീയവും ഭാവനാശൂന്യവുമായ നിര്‍ദേശം പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിലേക്ക്‌ നീങ്ങുകയല്ലാതെ മറ്റ്‌ മാർഗമില്ലെന്നും അവര്‍ വ്യക്തമാക്കി.നിർദേശം മത്സ്യത്തൊഴിലാളി മേഖലയിലും ആശങ്കയിലാക്കി. വ്യവസ്ഥകളിൽ കൂടുതൽ വ്യക്‌തത വരുത്തണമെന്ന തൊഴിലാളികൾ ആവശ്യപ്പെടുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home