print edition ഇന്ധനവില വര്‍ധന: ജനജീവിതം ദുരിതമാക്കും- ബിനോയ് വിശ്വം

ഫയൽ ചിത്രം
തിരുവനന്തപുരം: ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നതാണ് ഇന്ധനവില വര്‍ധനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയുമ്പോള്‍ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധിപ്പിക്കാന്‍ കിട്ടുന്ന അവസരത്തിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇന്ധവില വര്‍ധനയ്‌ക്കെതിരെ 18, 19 തീയതികളില്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം പ്രസ്താവിച്ചു.
പ്രതിഷേധം ഉയരണം: സിഐടിയു
പെട്രോൾ, ഡീസൽ, സിഎൻജി വിലവർധനക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ തൊഴിലാളികളോടും ബഹുജനങ്ങളോടും സിഐടിയു സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതവും സിഎൻജി കിലോയ്ക്ക് രണ്ടുരൂപയുമാണ് കൂട്ടിയത്. ഗാർഹിക പാചകവാതകത്തിന് അറുപത് രൂപയും വാണിജ്യ പാചകവാതകത്തിന് 993 രൂപയും നേരത്തെ കൂട്ടിയിരുന്നു.
ക്രൂഡ് ഓയിൽ വില 60 ഡോളറായി കുറഞ്ഞപ്പോൾപോലും ഇന്ധനവില കുറയ്ക്കാൻ മോദി സർക്കാർ തയ്യാറായില്ല. എണ്ണക്കന്പനികൾക്ക് ലാഭമുണ്ടാക്കാൻ കൂട്ടുനിൽക്കുന്ന കേന്ദ്രസർക്കാർ, ക്രൂഡ് ഓയിൽ വില കൂടിയഉടൻ ഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്. വിലക്കയറ്റംകൊണ്ട് ജനജീവിതം ദുസ്സഹമായിരിക്കുന്നു.
വാണിജ്യസിലിണ്ടറിന് വില ഉയർത്തിയതുമൂലം ഭക്ഷണസാധനങ്ങളുടെ വിലയും കൂടി. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെയും സാധാരണക്കാരെയും ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികളെയും ഇത് പ്രതിസന്ധിയിലാക്കി. ഇന്ധന വിലവർധന അവശ്യ വസ്തുക്കളുടെയും അടിസ്ഥാന സേവനങ്ങളുടെയും കൃഷിക്കാവശ്യമായ ഉൽപ്പന്നങ്ങളുടെയും വില വർധിപ്പിക്കും. പൊതുഗതാഗതം ഉൾപ്പെടെ, ഗതാഗത മേഖലയെ ആശ്രയിക്കുന്നവരെയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്ന് സിഐടിയു സംസ്ഥാനകമ്മിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.










0 comments