ad
Deshabhimani

print edition മലയാള തമിഴ് മകൻ

ഇളങ്കോ ഓടൈ പുസ്തക വിൽപ്പനയിൽ  ഫോട്ടോ : മിഥുൻ അനില മിത്രൻ

ഇളങ്കോ ഓടൈ പുസ്തക വിൽപ്പനയിൽ ഫോട്ടോ : മിഥുൻ അനില മിത്രൻ

avatar
പി വി ജീജോ

Published on May 17, 2026, 12:01 AM | 3 min read

ഹോട്ടലിൽ എച്ചിൽ കോരൽ, സപ്ലയർ, കണക്കെഴുത്തുകാരൻ, ലോട്ടറിവിൽപ്പന, കടലക്കച്ചവടം, ജീവിതത്തിൽ ഇളങ്കോ ഓടൈ അണിഞ്ഞ വിയർപ്പുതുന്നിയ കുപ്പായങ്ങൾ ഏറെയാണ്‌. കോഴിക്കോടൻ തെരുവിലെ പുസ്‌തകവിൽപ്പനക്കാരനായ തഞ്ചാവൂർ പട്ടുക്കോട്ടൈ കല്യാണഓടൈയിൽ ജനിച്ച ഇളങ്കോ ഓടൈ ഇന്നണിയുന്ന കുപ്പായത്തിന്‌ വിയർപ്പിന്റെമാത്രമല്ല, അക്ഷരത്തിന്റെയും പ്രതിഭയുടെയും വർണസുഗന്ധമുണ്ട്‌. മലയാളത്തിൽ എഴുതിയ രചനകൾ സ്വന്തം പ്രസാധനശാലയിലൂടെ പ്രസിദ്ധീകരിച്ച്‌ സാഹിത്യത്തിലെയും സംസ്‌കാരത്തിലെയും സ്ഥിരംവേഷക്കാരെ ഞെട്ടിച്ചിരിക്കുകയാണ്‌ ഇളങ്കോ ഓടൈ. ഇളങ്കോ ഓടൈയുടെ ആദ്യപുസ്‌തകം ‘സ്‌ത്രീ’ കഴിഞ്ഞയാഴ്‌ച പുറത്തിറങ്ങി. പുസ്‌തകം പ്രസിദ്ധീകരിക്കാനായി ഇളങ്കോ തുടങ്ങിയ പ്രസാധനസംരംഭമാണ്‌ ‘ഇളങ്കോ ബുക്‌സ്‌’. തിരക്കഥാകൃത്ത്‌, കഥാകൃത്ത്‌, നോവലിസ്റ്റ്‌, ഏറ്റവും ഒടുവിൽ സ്വന്തം പുസ്‌തകം സ്വന്തം പ്രസാധനശാലയിലൂടെ പ്രസിദ്ധീകരിച്ച്‌ ‘ഇളങ്കോ’ (ചെറിയ രാജാവ്‌) അല്ല താനൊരു ‘പേരരശനാ’ണെന്ന്‌ (വലിയ രാജാവ്‌) വിളംബരം ചെയ്യുകയാണ്‌ ഇ‍ൗ മലയാളത്തമിഴ്‌മകൻ. വിയർപ്പും അക്ഷരങ്ങളും പുസ്‌തകവും ചേർത്ത്‌ തുന്നിയെടുത്ത ഇളങ്കോ ഓടൈയുടെ ജീവിതകഥ നമുക്കൊന്നറിയാം.


ilanko


കോഴിക്കോടിന്റെ പുസ്‌തകക്കാരൻ


കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവർമാരും ബസ്‌ സ്റ്റാൻഡിലെ ചുമട്ടുതൊഴിലാളികളുംമുതൽ പൊലീസ്‌ ഉദ്യോഗസ്ഥർവരെ പുസ്‌തകത്തിനായി തേടുന്ന മനുഷ്യൻ, ഇളങ്കോയുടെ കോഴിക്കോടൻ വിലാസം ഇങ്ങനെയാണ്‌. മുതലക്കുളത്തിനടുത്തുള്ള പൊലീസ്‌ കമീഷണർ ഓഫീസ്‌, പൊലീസ്‌ സ്റ്റേഷനുകൾ, എരഞ്ഞിപ്പാലത്തെ ജിഎസ്‌ടി ഓഫീസ്‌, കലക്ടറേറ്റ്‌, നടക്കാവിലെ പെൺപള്ളിക്കൂടം ഇവിടങ്ങളിലെയൊക്കെ വായനപ്രേമികളായ ജീവനക്കാരുടെ പുസ്‌തകമിത്രമാണ്‌ ഇളങ്കോ. ബൈക്കിൽ ആഴ്‌ചയിലോ രണ്ടാഴ്‌ചയിലൊരിക്കലോ എത്തുന്ന ഇ‍ൗ യുവാവാണ്‌ വർഷങ്ങളായി നൂറുകണക്കിനാളുകളുടെ വായനരസത്തിന്‌ ചിറകുനൽകുന്നത്‌. 35 വർഷത്തോളമായി കോഴിക്കോടൻ തെരുവിൽ പുസ്‌തകത്തിന്റെയും അക്ഷരത്തിന്റെയും ഗന്ധപ്രവാഹമായി ഇ‍ൗ ജീവിതമുണ്ട്‌. ബസ്‌ സ്റ്റാൻഡിലും തെരുവോരത്തുമായി കോഴിക്കോട്ട്‌ ഇളങ്കോ ഉറങ്ങാത്ത ഇടങ്ങളില്ല. വാരാത്ത എച്ചിലും കഴുകാത്ത ഹോട്ടൽപ്പാത്രങ്ങളുമില്ല. കുറച്ചുകാലം ലോഡ്‌ജ്‌ ബോയിയായും പ്രവർത്തിച്ചു.

1990ലാണ്‌ തഞ്ചാവൂരിനടുത്തുള്ള കല്യാണഓടൈ ഗ്രാമംവിട്ട്‌ കേരളത്തിലെത്തുന്നത്‌. നാടുവിട്ട പതിനഞ്ചുകാരൻ കുറ്റിപ്പുറത്തായിരുന്നു വണ്ടിയിറങ്ങിയത്‌. അവിടെനിന്ന്‌ തിരൂരെത്തി. വിശപ്പിന്റെ വിളിക്കിടയിൽ എത്തിയത്‌ തമിഴ്‌നാട്ടുകാരൻ നടത്തുന്ന ഹോട്ടലിൽ. അവിടെ ബില്ലെഴുതുന്ന പണി കിട്ടി. കുറെക്കൂടി നല്ല ജോലി അന്വേഷിച്ച്‌ കോഴിക്കോട്ടെത്തി. ആദ്യം ലോട്ടറി വിൽപ്പനക്കാരനായി. സിനിമാപോസ്റ്ററുകളും ബസ്‌ ബോർഡുകളും വായിച്ച്‌ മലയാളം സ്വായത്തമാക്കി. ലോട്ടറി വിൽപ്പനയും കടലക്കച്ചവടവുമൊന്നും രക്ഷയ്‌ക്കെത്താതായപ്പോഴാണ്‌ പുസ്‌തകവിൽപ്പനയിലേക്ക്‌ തിരിയുന്നത്‌. ഹരിശ്രീ ബുക്‌സിലായിരുന്നു പുസ്‌തകക്കച്ചവടത്തിന്റെ ഹരിശ്രീ. കൃഷ്‌ണായനവും വേദകഥയുമടക്കം ഭക്തിപുസ്‌തകങ്ങളായിരുന്നു ആദ്യം വിറ്റത്‌. പോക്കറ്റ്‌ ഡിക്‌ഷണറിക്ക്‌ പ്രചാരമുള്ള കാലമായിരുന്നു അന്ന്‌. അഞ്ചു രൂപയായിരുന്നു വില. ഒന്നു വിറ്റാൽ 75 പൈസ കമീഷൻ. ഡിക്‌ഷണറി ആയിരക്കണക്കിന്‌ കോപ്പി വിൽക്കാനായി. പത്തുവർഷത്തോളം നീണ്ട ഹരിശ്രീജീവിതത്തിലാണ്‌ മലയാളം വായിക്കാനും പഠിക്കാനുമുള്ള ഹരിശ്രീകുറിക്കുന്നതും. ഹരിശ്രീ വിട്ടപ്പോൾ കോഴിക്കോട്‌ ഫ്രാൻസിസ്‌ റോഡിലെ ലോഡ്‌ജ്‌ കേന്ദ്രീകരിച്ചായി പുസ്‌തകവിൽപ്പന. പ്രധാന പ്രസാധകരുടെയെല്ലാം ഏജൻസി സ്വന്തമാക്കി. കോഴിക്കോടിനപ്പുറം വടക്ക്‌ വടകര, തലശേരി, കണ്ണൂർ പിന്നിട്ട്‌ കാസർകോടുവരെ പുസ്‌തകങ്ങളുമായി യാത്രകൾ. ചിലപ്പോൾ തെക്ക്‌ പാലക്കാട്ടേക്ക്‌ നീളും.


മറാത്തിയിൽ പൂത്തു സ്വന്തം സിനിമ


ഇ‍ൗ കാലയളവിലാണ്‌ എഴുത്തിലേക്ക്‌ ശ്രദ്ധ തിരിയുന്നത്‌. സിനിമകളെല്ലാം കാണുന്നത്‌ പതിവായതോടെ തിരക്കഥാരചനയിലും താൽപ്പര്യമുദിച്ചു. സംവിധായകരെ കണ്ട്‌ കഥപറയൽ ഹോബിയായി. കൊച്ചിയിലും കോഴിക്കോടുമായി മലയാളത്തിലെ ഒട്ടനവധി സംവിധായകരെ കണ്ട്‌ കഥപറഞ്ഞു. കണ്ണൂർക്കാരനായ സിജോ റോക്കിക്ക്‌ കഥ ഇഷ്‌ടമായി. മറാത്തി സിനിമകളിൽ സഹസംവിധായകനായിരുന്നു സിജോ. ആദ്യം സിനിമ മലയാളത്തിലിറക്കുക, പിന്നീട്‌ മറാത്തിയിലേക്ക്‌ റീമേക്ക്‌ ചെയ്യാമെന്നായിരുന്നു ധാരണ. വിനയ്‌ ഫോർട്ടിനെ നായകനാക്കി മറ്റു താരങ്ങളെയും നിശ്ചയിച്ചെങ്കിലും അത്‌ യാഥാർഥ്യമായില്ല. തുടർന്നാണ്‌ മറാത്തി സിനിമ എന്ന മോഹം. മുംബൈ മലയാളിയായ സുജിത്‌ കുറുപ്പിന്‌ കഥ ഇഷ്‌ടമായി. മറാത്തി ചിത്രമായ ‘പ്രീത’ത്തിനായി ആ തിരക്കഥ ഉപയോഗിച്ചു. സുജിത്‌ കുറുപ്പും ഗണേഷ്‌ പണ്ഡിറ്റും ഇളങ്കോയുടെ തിരക്കഥ മൊഴിമാറ്റി. പശുവിനെ കറന്ന്‌ പാൽ വിറ്റ്‌ ജീവിക്കുന്ന യുവാവിന്റെ പ്രണയമാണ്‌ ‘പ്രീത’ത്തിന്റെ കഥ. ഇതിലെ പാട്ടുകൾ മഹാരാഷ്‌ട്രയിലെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രണവ്‌ രാവരാനെയും നക്ഷത്ര മെഥേക്കറുമാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. ദേശീയ അവാർഡ്‌ നേടിയ ഉപേന്ദ്രലിമായോയും പ്രധാന വേഷത്തിലെത്തി. സിജോ റോക്കിക്കായി പുതിയൊരു മറാത്തി സിനിമയ്‌ക്ക്‌ കഥയൊരുക്കുകയാണിപ്പോൾ.


ഇളങ്കോ ബുക്‌സും സ്‌ത്രീയും


പത്താംക്ലാസ്‌ പാസായ ഇളങ്കോ ജീവിതദുരിതത്താലാണ്‌ നാടുവിടുന്നത്‌. അതിലൊരു കഥയുണ്ടെന്നും അത്‌ വെളിപ്പെടുത്താറായില്ലെന്നും ഇ‍ൗ അന്പതുകാരൻ പറയുന്നു. ‘മലയാളത്തമിഴ്‌മകൻ’ എന്ന ഉടൻ പുറത്തിറങ്ങുന്ന ജീവിതകഥയിൽ അത്‌ പറയുന്നുണ്ട്‌. മലയാളത്തിലെ പ്രമുഖ പ്രസാധകർ പ്രസിദ്ധീകരിക്കാമെന്നേറ്റു. കരാറൊപ്പിട്ടു. കവറും പ്രകാശിപ്പിച്ചു. എന്നാൽ, പറഞ്ഞ തീയതിക്കൊന്നും പുസ്‌തകമിറക്കിയിട്ടില്ല. താനൊരു പാവം പുസ്‌തകവിൽപ്പനക്കാരനായതിനാൽ പ്രസാധകർ പറഞ്ഞുപറ്റിക്കുമോ എന്ന ബേജാറുണ്ട്‌ ഇളങ്കോയ്‌ക്ക്‌. എങ്കിലും ജീവിതത്തിന്റെ ക്ലൈമാക്സ്‌ ജീവിതകഥയിൽ വായിച്ചോളൂ എന്നാണ് എഴുത്തുകാരന്റെ പ്രതിബദ്ധമായ നിലപാട്. മലയാളത്തമിഴ്‌മകൻ പ്രസിദ്ധീകരണം വൈകുന്നതിനിടയിലാണ്‌ പുസ്‌തകപ്രസാധനം തനിക്ക്‌ സാധ്യമാകുമോ എന്നു പരീക്ഷിച്ചത്‌. ആ പരീക്ഷണമായിരുന്നു ഇളങ്കോ ബുക്‌സും ‘സ്‌ത്രീ’ എന്ന പുസ്‌തകവും സൃഷ്‌ടിച്ചത്‌. ആളും ആരവവുമില്ലാതെ, കേവലമൊരു ചടങ്ങുപോലുമില്ലാതെയായിരുന്നു ആദ്യപുസ്‌തകത്തിന്റെ പിറവി. എന്നാൽ, ചുരുങ്ങിയ ദിവസങ്ങൾക്കകം നൂറിലധികം കോപ്പി വിറ്റുപോയെന്ന്‌ പറയുമ്പോൾ ഇളങ്കോയുടെ മുഖത്ത്‌ എഴുത്തുകാരന്റേതായ ആത്മവിശ്വാസത്തിന്റെ ഇളംചിരി പരക്കുന്നുണ്ട്‌. കോഴിക്കോട്ടും പരിസരത്തും കണ്ട, പരിചയപ്പെട്ട സ്‌ത്രീകൾ, പെൺജീവിതത്തിന്റെ പ്രശ്‌നങ്ങൾ, തന്റേതുമാത്രമായ നിരീക്ഷണങ്ങൾ; ഇതാണ്‌ ഉള്ളടക്കം. തികച്ചും സാധാരണമായ ലളിതമലയാളത്തിലാണ്‌ എഴുത്ത്‌. സംസാരത്തിലെന്നപോലെ ഇ‍ൗ തമിഴ്‌മലയാളിയുടെ നിഷ്‌കളങ്കതയും സ‍ൗമ്യതയും പ്രകാശിക്കുന്നതാണ്‌ ഇ‍ൗ രചന.


ilanko


കൽക്കിമുതൽ കുമുദംവരെ


തഞ്ചാവൂരിലെ പട്ടുക്കോട്ടൈ താലൂക്കിലെ കല്യാണഓടൈ ഗ്രാമം കോഴിക്കോടൻ ജീവിതത്തിനിടയിലും ഗൃഹാതുരമായ ഓർമയാണ് ഇളങ്കോയ്‌ക്ക്‌. അച്ഛൻ കാളിമുത്തു മരിച്ചു. അമ്മ രാജേശ്വരി. ശിവകുമാർ, കവിത എന്നീ സഹോദരങ്ങളടക്കം ബന്ധുക്കളുമായി ഉറ്റബന്ധം. ദീപാവലിക്കും പൊങ്കലിനുമെല്ലാം നാട്ടിൽ പോകും. സഹോദരിയെപ്പറ്റിയും ബന്ധുക്കളായ സ്ത്രീകളെക്കുറിച്ചും ആദ്യപുസ്തകമായ ‘സ്ത്രീ’യിൽ പരാമർശിച്ചിട്ടുണ്ട്. ‘സ്ത്രീ’യിലെ അമ്മയുടെ പിശുക്ക് വല്യമ്മമാരുടെയും ഇളയമ്മമാരുടെയും കഥ, വയസ്സറിയിച്ചവൾ എന്നീ അധ്യായങ്ങളിൽ സ്നേഹാർദ്രമായ ആ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്. മലയാളത്തിനുമുന്നേ മാതൃഭാഷയിൽ കഥകൾ ഏറെ എഴുതി ഇളങ്കോ. കൽക്കി, കുമുദം, റാണി, കുങ്കുമം തുടങ്ങി തമിഴിലെ പ്രമുഖ മാസികകളെല്ലാം ഇളങ്കോയുടെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളത്തിൽ ഒരു സിനിമ ചെയ്യണം. അതിനായി പുതുമയാർന്ന തിരക്കഥയും മനസ്സിൽ താലോലിച്ച്‌ കോഴിക്കോടൻ തെരുവീഥിയിലൂടെ പുസ്‌തകസഞ്ചിയുമായി ഇളങ്കോ യാത്ര തുടരുകയാണ്‌. സിനിമയും എഴുത്തുമായി സ്വപ്‌നങ്ങളുടെ വർണരാജി വിടരുന്ന ജീവിതമോഹത്തോടെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home