ad
Deshabhimani

കോഴിക്കോട് മെഡിക്കൽ കോളേജില്‍ ഇനി മുതല്‍ പരിശോധനകൾക്ക് പണമടയ്ക്കണം

medical
വെബ് ഡെസ്ക്

Published on Aug 14, 2026, 05:08 PM | 1 min read

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബുകളിലെ പരിശോധനകൾക്ക് ഇനി മുതൽ രോഗികൾ പണമടയ്ക്കണം. പത്തോളജി വിഭാഗത്തിലെ ഹിസ്റ്റോപത്തോളജി, സൈറ്റോളജി, ഹെമറ്റോളജി ലാബുകളിലെ പതിനാലോളം വരുന്ന പരിശോധനകൾക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായി ഫീസ് ചുമത്തിയത്.


എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ലാബുകളിൽ സൗജന്യമായി നടത്തിയിരുന്ന പരിശോധനകൾക്കാണ് 30 മുതൽ 800 രൂപ വരെ ഫീസ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച നടന്ന ആശുപത്രി വികസന സൊസൈറ്റി (എച്ച്ഡി എസ്) യോഗത്തിലാണ് ജനദ്രോഹകരമായ ഈ തീരുമാനം. ലൂപ്പസ് ആന്റി കോഗുലൻഡ് പരിശോധന (800), ഫൈബ്രിനോജൻ (500), ഡി.ഡിമ്മർ ( 500 ) ,ടിടി (350) ,റിവ്യൂ സ്ലൈഡ്സ് (200 ) ,ബയോപ്സി (150 ), എഫ്എൻഎസി (100 ), യൂറിൻ അനാലിസിസ് ഓട്ടോമാറ്റഡ് ( 50 ), യൂറിൻ അനാലിസിസ് മാന്വൽ (50 ), സൈറ്റോളജി ( 50 ), ആക്ടിവേറ്റഡ് പാർഷ്യൽ ത്രോമ്പോ പ്ലാസ്റ്റിൻ ടൈം ( 40 ), പ്രോ ത്രോബിൻ ടൈം (40), കംബ്ലീറ്റ് ബ്ലഡ് കൗണ്ട് (30), എറിത്രോസൈറ്റ് സെമിന്റേഷൻ റൈറ്റ് (10) എന്നിങ്ങനെയാണ് ചികിത്സ ഫീസ്.


പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ എതിർപ്പിനിടയിലും തീരുമാനമെടുക്കുകയായിരുന്നു. സാധാരണ എച്ച്ഡിഎസ് സ്ഥാപിച്ച ലാബുകളിലോ മറ്റ് പരിശോധന സംവിധാനങ്ങളിലോ മാത്രമാണ് തീരുമാനമെടുക്കേണ്ടതെന്നിരിക്കെ, സർക്കാറിന് കീഴിലുള്ള ചികിത്സാ സംവിധാനങ്ങളിൽ എച്ച്ഡിഎസ് തീരുമാനമെടുക്കുന്നതും ഇത് ആദ്യമായാണ്. എല്ലാ ചികിത്സാ സംവിധാനങ്ങളിലും ഫീസ് കൊണ്ടുവരിക എന്ന സർക്കാറിന്റെ നിലപാടിന്റെ ആദ്യപടിയാണ് ഈ വർധനവെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.


സ്വകാര്യ ആശുപത്രികളിൽ പരിശോധനകൾക്കും ചികിത്സയ്ക്കും വമ്പൻ തുക ഈടാക്കുന്ന അവസരത്തിൽ സാധാരണ ജനങ്ങളുടെ ആകെയുള്ള ആശ്രയമാണ് സർക്കാർ ആശുപത്രികൾ. അവിടെയും ഫീസ് വർധിപ്പിച്ച് ജനങ്ങളെ വലയ്ക്കുന്ന നയമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home