ad
Deshabhimani

"വർ​ഗീയതയെ എതിർത്താൽ മതത്തിനെതിരെയാകുമോ?" മാറാടും സിംല സമ്മേളനവും ഓർമിപ്പിച്ച് മുഖ്യമന്ത്രി

Pinarayi Vijayan Press Meet

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Jan 08, 2026, 07:24 PM | 2 min read

തിരുവനന്തപുരം: യുഡിഎഫിന്റെ നിലപാടുകളുടെ ഭാ​ഗമായാണ് കേരളത്തിൽ വർ​ഗീയപ്രശ്നങ്ങൾ ആളിക്കത്തുന്ന നിലയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർ​ഗീയസംഘർഷങ്ങളെ നേരിടുന്നതിൽ കൃത്യതയാർന്ന നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ല. വർ​ഗീയശക്തികൾ കേരളംവിട്ടുപോയിട്ടൊന്നുമില്ല. പക്ഷേ, അവർക്ക് ഇപ്പോൾ അഴിഞ്ഞാടാൻ കഴിയുന്നില്ല. വർ​ഗീയശക്തികൾ തലപൊക്കാൻ ശ്രമംനടത്തിയാൽ കർശനമായ നടപടികളിലൂടെ നേരിടുന്നതാണ് ഇന്നത്തെ സർക്കാരിന്റെ രീതി. അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലെ വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വർ​ഗീയകലാപങ്ങളില്ലാത്ത നാടാണ് ഇന്നത്തെ കേരളം. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിനുണ്ടായിരുന്നു. അതാണ് എ കെ ബാലൻ ഓർമിപ്പിച്ചത്. മാറാട് കലാപം നടത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി സംഭവസ്ഥലം സന്ദർശിക്കാൻ പോകാനൊരുങ്ങിയപ്പോൾ ആർഎസ്എസ് മുഖ്യമന്ത്രിക്ക് മുന്നിൽ നിബന്ധവെച്ചു. ആന്റണിയുടെ കൂടെ പി കെ കുഞ്ഞാലിക്കുട്ടി വരാൻ പാടില്ല എന്നായിരുന്നു ആർഎസ്എസിന്റെ ആവശ്യം. തുടർന്ന് കോഴിക്കോട് ​ഗസ്റ്റ് ഹൗസിൽനിന്ന് ആന്റണി കലാപസ്ഥലത്തേക്ക് പോയപ്പോൾ കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടിയില്ല. എന്തിനാണ് കേരളത്തിന്റെ ഒരു മുഖ്യമന്ത്രി ആർഎസ്എസിന്റെ അനുവാദം വാങ്ങി നിലപാടെടുത്തത്?


അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന താൻ അവിടെപ്പോയത് ഇതുപോലെ ആരുടെയും അനുമതി വാങ്ങിയിട്ടല്ല. അവിടെപ്പോയി ജനങ്ങളെകണ്ട് കാര്യങ്ങൾ സംസാരിച്ച് തിരിച്ചുവരികയും ചെയ്തു. യുഡിഎഫ് വർ​ഗീയതയെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്നം.


ഏത് വർ​ഗീയതയായാലും നാടിനാപത്താണ്. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഭൂരിപക്ഷവോട്ട് കേന്ദ്രീകരിക്കലാകുക? അത് ന്യൂനപക്ഷവർ​ഗീയവാദികളായ ജമാഅത്തെഇസ്ലാമിയുടെ പ്രചാരണമാണ്. വർ​ഗീയതയെ പറയുമ്പോൾ അത് ഏതെങ്കിലും ജനവിഭാ​ഗത്തിനെതിരെയല്ല. ആർഎസ്എസിനെതിരെ പറയുമ്പോൾ ഹിന്ദുക്കളെയോ, ജമാഅത്തെഇസ്ലാമിയെയോ എസ്ഡിപിഐയ്ക്കോ എതിരെ പറയുമ്പോൾ മുസ്ലിങ്ങളെയോ ആണോ എതിർക്കുന്നത്? എല്ലാ മതവിഭാ​ഗ​ങ്ങളിലുമുള്ള മഹാഭൂരിപക്ഷവും മതനിരപേക്ഷ ചിന്താ​ഗതിക്കാരാണ്. മതനിരപേക്ഷത ശക്തിപ്പെടുത്തിയാലേ വർ​ഗീയതയെ നേരിടാനാകൂ. അപരമതവിദ്വേഷം വളർത്തുന്നവരെ തുറന്നുകാണിക്കണം. നാട്ടിൽ മതനിരപേക്ഷതയും സമാധാനവും പുലരുക എന്നത് പ്രധാനമാണ്.


വർ​ഗീയതവെച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നവല്ല എൽഡിഎഫ്. കോൺ​ഗ്രസിന്റെ സിംല സമ്മേളനത്തിന് ശേഷം കേരളത്തിൽ തിരിച്ചെത്തിയ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞത് ജനങ്ങൾ ഓർക്കുന്നുണ്ട്. കേരളത്തിൽ ന്യൂനപക്ഷം സംഘടിതശക്തി ഉപയോ​ഗിച്ച് സർക്കാരിനോട് വിലപേശൽ നടത്തുന്നു എന്നാണ് ആന്റണി പറഞ്ഞത്. ഇങ്ങനെ ആക്ഷേപം ഉന്നയിച്ചുകൊണ്ടാണ് ആന്റണി രാജിവെച്ചത്.


മലബാറിൽ മുസ്ലിംലീ​ഗിന് കൂടുതൽ സീറ്റ് കൊടുക്കുന്നതിനെതിരെ നിലപാടെടുത്ത നേതാവാണ് സി കെ ​ഗോവിന്ദൻ നായരെന്ന് അദ്ദേഹത്തിന്റെ അനുസ്മരണപരിപാടിയിൽ പറഞ്ഞയാളാണ് അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല. സി കെ ​ഗോവിന്ദൻ നായർ പറഞ്ഞത് അക്ഷരംപ്രതിശരിയാണെന്ന് പിൽക്കാലത്ത് തെളിഞ്ഞെന്നും അന്ന് ചെന്നിത്തല പറഞ്ഞു. വർ​ഗീയശക്തികളുമായും സാമുദായിക സംഘടനകളുമായും ഒരു ലക്ഷ്മണരേഖ വേണമെന്ന സി കെ ​ഗോവിന്ദൻ നായരുടെ പ്രസ്താവനയെ ഉയർത്തിപ്പിടിക്കുകയാണ് അന്ന് ചെന്നിത്തല ചെയ്തത്. അതേ ചെന്നിത്തലയാണ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫിൽ അണിനിരത്താൻ നേതൃസ്ഥാനത്തുള്ളത്.


വി ഡി സതീശൻ, കെ മുരളീധരൻ, ആര്യാടൻ മുഹമ്മദ് ഇവരെല്ലാം മുൻപ് പറഞ്ഞതൊക്കെ പൊതുമണ്ഡലത്തിലുണ്ട്. യുഡിഎഫ് ഭരണകാലത്തെ അഞ്ചാംമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ വിവാദം ഏവർക്കും ഓർമയുണ്ട്. അഞ്ചാംമന്ത്രി സ്ഥാനം അപക്വമായ തീരുമാനമാണെന്നും, രാഷ്ട്രീയമായി ലാഭമാണോ നഷ്ടമാണോ ഉണ്ടാക്കിയതെന്ന് ലീ​ഗ് നേതൃത്വം ചിന്തിക്കണമെന്നുമാണ് അന്ന് സതീശൻ പറഞ്ഞത്. ഈ വിഷയം വഷളാക്കി കേരളത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതിന് പകരം ലീ​ഗിന് ആ​ഗ്രഹം കൊടുത്താൽ മതിയായിരുന്നുവെന്നും സതീശൻ പറഞ്ഞിരുന്നു.


മലബാറിൽ പുതിയ 33 സ്കൂളുകൾ ആരംഭിക്കാൻ യുഡിഎഫ് സർക്കാർ തീരുമാനമെടുത്തപ്പോഴും സതീശൻ വിമർശിച്ചിരുന്നു. കേരളത്തിലെ സാമൂഹ്യപശ്ചാത്തലം നോക്കിവേണം സ്കൂളുകൾ അനുവദിക്കേണ്ടതെന്നും, മലബാറിൽ അനുവദിച്ച സ്കൂളുകൾ ഭൂരിപക്ഷസമുദായത്തിന്റെ കേന്ദ്രീകരണത്തിനിടയാക്കും എന്നും സതീശൻ പ്രസം​ഗിച്ചതാണ്. ഇതേ സതീശനാണ് ജമാഅത്തെ ഇസ്ലാമി ഇപ്പോൾ മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നും പറഞ്ഞത്.


തരാതരംപോലെ വർ​ഗീയത കളിക്കുകയും അത് മൂടിവെക്കാൻ നല്ലപിള്ള ചമയുന്നവരുമാണ് കോൺ​ഗ്രസ് നേതാക്കൾ. എന്നാൽ, മതനിരപേക്ഷതയുടെ ഭാ​ഗത്ത് ഉറച്ചുനിന്ന്, ഏത് വർ​ഗീയതയെയും എതിർക്കുന്ന സ്ഥായിയായ നിലപാടാണ് എൽഡിഎഫിനെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home