ad
Deshabhimani

print edition ഇടയ്ക്കിടെ പണിമുടക്കി 
റെയിൽവൺ ആപ്

Rail One App
വെബ് ഡെസ്ക്

Published on Jul 31, 2026, 12:10 AM | 1 min read

നിലമ്പൂർ: ഇന്ത്യൻ റെയിൽവേയുടെ പുതിയ ഏകീകൃത ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമായ റെയിൽവൺ ആപ്പിൽ ഇടയ്ക്കിടെ സേവനം തടസ്സപ്പെടുന്നത്‌ യാത്രക്കാരെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ടിക്കറ്റ് ബുക്കിങ്, റിസർവേഷൻ, ജനറൽ ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റ് ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ മണിക്കൂറുകളോളം ലഭ്യമായില്ല. രാത്രി യാത്ര ആസൂത്രണംചെയ്തവരും അടിയന്തരമായി ടിക്കറ്റെടുക്കാൻ ശ്രമിച്ചവരും ഇതോടെ വലഞ്ഞു. ബുധൻ രാത്രി ആപ്പിൽ പ്രത്യക്ഷപ്പെട്ട അറിയിപ്പിൽ പ്രതിദിന പരിപാലനത്തിന്റെ ഭാഗമായാണ് സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നതെന്നാണ്‌ രേഖപ്പെടുത്തിയത്‌. രാത്രി 12.20മുതൽ പുനഃസ്ഥാപിക്കുമെന്നും അറിയിപ്പിലുണ്ടായിരുന്നു.


തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സേവന തടസ്സങ്ങൾ യാത്രക്കാർക്കിടയിൽ ആശങ്കയുയർത്തുകയാണ്. ഐആർസിടിസി റിസർവേഷൻ സേവനങ്ങൾ, യുടിഎസ് വഴി ലഭിച്ചിരുന്ന ജനറൽ ടിക്കറ്റ് സേവനങ്ങൾ, പ്ലാറ്റ്ഫോം ടിക്കറ്റ്, പിഎൻആർ വിവരങ്ങൾ, ട്രെയിൻ വിവരങ്ങൾ തുടങ്ങി വിവിധ സൗകര്യങ്ങൾ റെയിൽവണ്ണിലേക്ക് മാറ്റി. ഇതോടെ ലക്ഷക്കണക്കിന് യാത്രക്കാർ ദിനംപ്രതി ഈ ആപ്പിനെ ആശ്രയിക്കുന്നുണ്ട്‌. മുമ്പ് ജനറൽ ടിക്കറ്റിനായി പ്രത്യേകം ഉപയോഗിച്ചിരുന്ന യുടിഎസ് ആപ്പിലെ പ്രധാന സേവനങ്ങൾ റെയിൽവണ്ണിലേക്ക് മാറ്റി. എന്നാൽ റെയിൽവണ്ണിൽ തടസ്സം നേരിടുമ്പോൾ ഒരേസമയം മുഴുവൻ നിരവധി സേവനങ്ങളും നിലയ്‌ക്കുകയാണ്‌.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സേവന തടസ്സത്തെ തുടർന്ന് നിരവധി പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിഞ്ഞില്ല. പലരും യാത്ര മാറ്റിവച്ചതായി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഡിജിറ്റൽ സേവനങ്ങളെ കൂടുതൽ ആശ്രയിക്കുന്ന സാഹചര്യത്തിൽ പരിപാലന പ്രവർത്തനങ്ങളുടെ സമയം പുനഃക്രമീകരിക്കണമെന്നും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home