print edition കെഎസ്ആർടിസിക്ക് നൽകാനുള്ളത് 135 കോടി; സൗജന്യ യാത്ര; കിതച്ച് കിതച്ച് നൂറാം ദിനത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ യാത്രാപദ്ധതി ചൊവ്വാഴ്ച 100 ദിവസം തികയ്ക്കുമ്പോൾ കെഎസ്ആർടിസിക്ക് സർക്കാർ നൽകാനുള്ളത് 135 കോടി. നൂറാം ദിനം കൊട്ടിഘോഷിക്കുമ്പോഴും ഡീസൽ അടിക്കാൻപോലും പണമില്ലാതെ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. ഇതുവരെയുള്ള കണക്കു പ്രകാരം 12.54 കോടി യാത്രകളിലായി സ്ത്രീകൾക്ക് 266.53 കോടി രൂപയുടെ സൗജന്യ ടിക്കറ്റുകൾ നൽകിയെന്നാണ് കെഎസ്ആർടിസി പറയുന്നത്.
എന്നാൽ സർക്കാർ കെഎസ്ആർടിസിക്ക് ഇതുവരെ അനുവദിച്ചത് 130.86 കോടി രൂപമാത്രമാണ്. ഇനി 135.67 കോടി രൂപ നൽകാനുണ്ട്. ഈ കണക്കു പ്രകാരം പദ്ധതിക്ക് പ്രതിവർഷം 1000 മുതൽ 1200 കോടി രൂപവരെ കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടാകും. ഇതിന് സർക്കാർ ബജറ്റിൽ വകയിരുത്തിയതാകട്ടെ വെറും 600 കോടി രൂപയും. ഈ നഷ്ടപരിഹാരത്തുക നേരിട്ട് നൽകാതെ കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി വായ്പയായാണ് നൽകുന്നത്. വായ്പയുടെ പലിശ ബാധ്യത കെഎസ്ആർടിസിയുടെ തലയിലാണ്. കെഎഫ്‌സി വായ്പയായി അനുവദിക്കുന്ന 50 കോടി രൂപയിൽ രണ്ടരക്കോടിയോളം രൂപ പലിശയിനത്തിൽ മുൻകൂറായി കുറച്ചശേഷം, വെറും 47.5 കോടി മാത്രമാണ് കെഎസ്ആർടിസിയുടെ കൈയിലെത്തുന്നത്.
ഓർഡിനറി ബസുകളിലെ ആകെ യാത്രക്കാരിൽ 68.9 ശതമാനവും സൗജന്യ യാത്രക്കാരായി മാറിയെന്നാണ് കെഎസ്ആർടിസിയുടെ കണക്ക്. പ്രതിദിനം 3 കോടി രൂപയുടെവരെ ടിക്കറ്റുകൾ സൗജന്യമായി നൽകുമ്പോൾ, അതിന് ആനുപാതികമായി ഫണ്ട് ലഭിക്കാത്തതാണ് കടുത്ത പ്രതിസന്ധിക്ക് കാരണം. ഡീസലടിക്കാനും അറ്റകുറ്റപ്പണികൾക്കും പണമില്ലാതെ 600-ലധികം ബസുകൾ കട്ടപ്പുറത്തായി. 3241 ഓർഡിനറി ബസുകൾ നിരത്തിലിറക്കുമെന്ന് വാഗ്ദാനം നൽകിയ സ്ഥാനത്ത് 2663 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
സൗജന്യ സാരിയില്ല!
തിരുവനന്തപുരം: സൗജന്യയാത്രാ പദ്ധതിയുടെ നൂറാം ദിനത്തോടനുബന്ധിച്ച് വൻ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചതിനു പിന്നാലെ സർക്കാരിനെ വെട്ടിലാക്കി ‘സാരി വിവാദം’. ചൊവ്വാഴ്ച പദ്ധതി 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ചില കെഎസ്ആർടിസി ഡിപ്പോകളിൽ സാരി വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് വിവരം. എന്നാൽ ഇത് സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചു.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി ഗതാഗത മന്ത്രി സി പി ജോണും കെഎസ്ആർടിസിയും രംഗത്തെത്തി. ഒരു വിഭാഗം ആളുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഇതിന്റെ പേരിൽ ആരും ഡിപ്പോകളിലേക്ക് വരേണ്ടതില്ലെന്നും കെഎസ്ആർടിസി എംഡി വാർത്താക്കുറിപ്പും ഇറക്കി. ആഘോഷത്തിന്റെ ഭാഗമായി ചൊവ്വ രാവിലെ 10ന് ഗതാഗത മന്ത്രി സി പി ജോൺ തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെത്തി യാത്രക്കാർക്ക് മധുരം വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്.








0 comments