print edition ‘മിഠായി’യും ഇല്ല; കുട്ടികൾക്കുള്ള സൗജന്യ ഇൻസുലിൻ നിലച്ചു

ബിജു കാർത്തിക്
Published on Sep 08, 2026, 01:30 AM | 1 min read
കണ്ണൂർ: ടൈപ്പ് വൺ (ജുവനൈൽ) പ്രമേഹബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന ‘മിഠായി ’ പദ്ധതി നിലച്ചിട്ട് നാലുമാസം. എൽഡിഎഫ് സർക്കാർ കൃത്യമായി നടത്തിയ പദ്ധതിയാണിത്. ഇൻസുലിന്റെ ഗുണമേന്മ കുറവാണെന്നും പുതിയത് നൽകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നയപ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. എന്നാല്‍ പുതിയത് ലഭിച്ചില്ലെന്നുമാത്രമല്ല, നിലവിലുണ്ടായിരുന്നത് ഇല്ലാതാകുകയും ചെയ്‌തു. ഇതോടെ 7,000 രൂപയോളം വില വരുന്ന മരുന്ന് മാസംതോറും വില കൊടുത്ത് വാങ്ങേണ്ടിവരുന്നു.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്ന സ്‌ട്രിപ്പും നൽകുന്നില്ല. ദിവസം അഞ്ചും ആറും തവണ പരിശോധിച്ചാണ് ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിച്ചത്. 50 സ്‌ട്രിപ്പുള്ള ഒരു പായ്‌ക്കറ്റിന് വിപണിയിൽ കുറഞ്ഞത് നാലായിരം രൂപയാകും. 2018-ൽ എൽഡിഎഫ് സർക്കാരാണ് ‘മിഠായി’ പദ്ധതി തുടങ്ങിയത്. വേദനയില്ലാതെയും രക്തം നഷ്ടപ്പെടാതെയും ഇൻസുലിൻ കുത്തിവയ്‌ക്കാവുന്ന ഇൻസുലിൻ പെൻ, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റർ, ഇൻസുലിൻ പമ്പ് തുടങ്ങിയവയാണ് പദ്ധതി വഴി നൽകിയത്. രണ്ടായിരത്തിലേറെ ഗുണഭോക്താക്കളുണ്ടായിരുന്നു. ആദ്യകാലത്ത് നൽകിയ ‘റാപ്പിഡ് -ആക്‌ടിങ്' ഇൻസുലിന് പകരം പിന്നീട് ‘സ്‌ലോ- ആക്‌ടിങ്' ഇൻസുലിനാണ് കൊടുത്തത്.
പദ്ധതിയിൽ കാലോചിത മാറ്റംവരുത്തി, ‘മിഠായി’ സാറ്റ്ലൈറ്റ് സെന്ററുകളിൽ എൻഡോക്രൈനോളജിസ്റ്റുമാരുടെ സേവനം ഉറപ്പുവരുത്തുമെന്നും യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതും വാക്കിലൊതുങ്ങി.










0 comments