തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കബളിപ്പിക്കൽ വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ; ലക്ഷങ്ങള്‍ തട്ടി മുങ്ങിയയാൾ അറസ്റ്റില്‍

തൃശൂര്‍: ദുബായിയില്‍ തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പ്രതി പിടിയില്‍. തൃശൂര്‍ പൂങ്കുന്നം സ്വദേശി ഹരിശ്രീധര്‍ (ഹരിലാല്‍, 56) ആണ് കാളികാവ് പൊലീസിന്റെ പിടിയിലായത്.
നിരവധിയാളുകളില്‍ നിന്ന് വിസ സ്റ്റാംപിങ്ങിനായി 300 രൂപയും ടിക്കറ്റിന് 30,000 രൂപയും അക്കൗണ്ട് വഴി വാങ്ങുകയായിരുന്നു. ടിക്കറ്റിന് വാങ്ങിയ തുക ദുബായിയിലെത്തിയാല്‍ തിരിച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം. മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലെ നിരവധി യുവാക്കള്‍ക്കാണ് പണം നഷ്ടപ്പെട്ടത്. വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ആരെയും നേരില്‍ കാണാന്‍ കൂട്ടാക്കാതിരുന്ന പ്രതി വീഡിയോ കോളിലൂടെയായിരുന്നു ആശയവിനിമയം.
തട്ടിപ്പിനുശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. മൂവാറ്റുപുഴയിലെ ഹോട്ടലില്‍ മുറിയെടുത്ത് പുതിയ തട്ടിപ്പിന് കളമൊരുക്കുന്നതിനിടെയാണ് കാളികാവ് പൊലീസ് പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാമിനു കീഴില്‍ കാളികാവ് ഇന്‍സ്‌പെക്ടര്‍ കെ അനുദാസിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. എസ് ഐ അന്‍വര്‍ സാദത്ത് ഇല്ലിക്കല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ റിയാസ് ചീനി, സി ടി ഹര്‍ഷാദ്, പ്രശോഭ് മംഗലത്ത്, സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ടി വിനു, മൂവാറ്റുപുഴ സ്‌ക്വാഡിലെ ബിപില്‍ മോഹന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.









0 comments