print edition സുന്ദരിക്കായി കാത്തിരിക്കേണ്ട; അതവനാണ്

പ്രതീകാത്മക ചിത്രം

ശ്രീരാജ് ഓണക്കൂർ
Published on Apr 24, 2026, 04:37 AM | 2 min read
കൊച്ചി: ഒരുകോടി രൂപ നഷ്ടപ്പെട്ടിട്ടും അയാൾ തന്റെ കാമുകിക്കായി കാത്തിരുന്നു. മധുരഭാഷണത്തിലൂടെ മനസ്സ് കീഴടക്കിയ ‘സുന്ദരിയെ’ അറുപത്തെട്ടുകാരൻ അത്രയധികം സ്‌നേഹിച്ചു. പലപ്പോഴായി കാമുകിക്ക് കൈമാറിയത് ഒരുകോടിയോളം രൂപ. പിന്നീട് ഫോൺ എടുക്കാതായി. ഫോൺ സ്വിച്ച് ഓഫുമായി. പരാതിയുമായി പൊലീസിലെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. താൻ സംസാരിച്ചത് എഐ കാമുകിയോടാണ്. പിന്നിൽ സെെബർ ക്രിമിനലുകളായ സംഘവും.
ഇത്തരം സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ പൊലീസ് നിരന്തരം മുന്നറിയിപ്പ് നൽകുന്നു. ഉന്നതവ്യക്തികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ഇൗ സംഘം ഇറങ്ങുന്നത്. പലരും കുടുങ്ങുന്നത് ലൈക്ക് ചെയ്‌താണ്. പിന്നീട് കമന്റിടും. തുടർന്ന് സൗഹൃദം. പതിയെ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങും. കുറേ ഇരകളായാൽ പ്രൊഫൈൽ അപ്രത്യക്ഷമാകും. പിന്നെ വേറൊരു പേരിൽ. ഇത്തരം കേസുകളിൽ പിടിയിലായവരിൽ ഭൂരിഭാഗവും സ്ത്രീ ശബ്ദത്തിൽ കെണിയൊരുക്കിയ പുരുഷന്മാരാണ്.
മാട്രിമോണിയലിലും ട്രാപ്പ്
പ്രമുഖ മാട്രിമോണിയൽ വെബ്‌സൈറ്റിൽ പരതിയ മുപ്പത്തഞ്ചുകാരന് മലയാളി പെൺകുട്ടിയുടെ പ്രൊഫൈൽ ഇഷ്ടമായി. ഓൺലെനിൽ സംസാരമായി. ഗൾഫിൽ ജോലിചെയ്യുന്ന പെൺകുട്ടി നന്പർ നൽകി. ഒരുദിവസം പെൺകുട്ടി താനൊരു പ്രശ്‌നത്തിലാണെന്ന് പറഞ്ഞു. പുതിയൊരു ബിസിനസ് തുടങ്ങാൻ പോകുന്നെന്നും പണമായിട്ടില്ലെന്നുമായിരുന്നു ‘സങ്കടം’. നാട്ടിലെ ബാങ്ക് ലോക്കറിൽ കുറച്ച് സ്വർണമുണ്ട്. ഇപ്പോൾ നാട്ടിൽ വരാൻ ലീവില്ല. കുറച്ചു പണം കടമായി തന്നാൽ നാട്ടിൽ വരുന്പോൾ സ്വർണം പണയംവച്ച് എടുത്തുതരാം. യുവാവ് ഉടനെ പണമയച്ചു. ഇതാവർത്തിച്ചു. ഫോൺ എടുക്കാതായതോടെയാണ് തട്ടിപ്പ് മനസ്സിലായത്.
തേജസ്വിനിയല്ല സൂരജ് കൃഷ്ണ
മാട്രിമോണിയൽ വെബ്‌സൈറ്റിൽ പേര് രജിസ്‌റ്റർ ചെയ്‌ത, കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടർക്ക് തേജസ്വിനി എന്ന യുവതിയുടെ പ്രൊഫൈൽ ഇഷ്കമായി. ചാറ്റ് ചെയ്‌ത് സൗഹൃദത്തിലായി. തേജസ്വിനി ഓഹരിയിൽ പണം നിക്ഷേപിക്കാൻ ഡോക്ടറെ പ്രേരിപ്പിച്ചു. 37 ലക്ഷം രൂപ നിക്ഷേപിച്ചു. തുക തിരിച്ച് ലഭിക്കാതിരുന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസ്സിലായത്. സ്‌ത്രീശബ്ദത്തിൽ ‘തേജസ്വിനി’ ആയി സംസാരിച്ച അരൂർ സ്വദേശി സൂരജ് കൃഷ്ണ അടക്കം മൂന്ന് മലയാളികൾ അറസ്‌റ്റിലായി.
ജഡ്‌ജിയും കുടുങ്ങി
ഓൺലൈൻ ഓഹരിത്തട്ടിപ്പിൽ ഹൈക്കോടതി മുൻ ജഡ്‌ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപയാണ്. തൃപ്പൂണിത്തുറ സ്വദേശിയായ ജഡ്‌ജിയോട് സംസാരിച്ച് പണംതട്ടിയത് അയന ജോസഫ്, വർഷ സിങ് എന്നീ യുവതികളായിരുന്നു. പണം ഓഹരിവിപണിയിൽ നിക്ഷേപിച്ചാൽ 850 ശതമാനം ലാഭം ലഭിക്കുമെന്ന് വാഗ്-ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 280 ബാങ്ക് അക്കൗണ്ടിലൂടെ 311 ഇടപാട്. അന്വേഷണത്തിൽ സ്‌ത്രീകളായി സംസാരിച്ചത് പുരുഷന്മാരാണെന്ന് ക ണ്ടെത്തി.
വധു തട്ടിയത് 1.29 കോടി
മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട മലയാളി യുവതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിയായ 32കാരനിൽനിന്ന് തട്ടിയത് 1,28,93,964 രൂപ. വെബ്സൈറ്റിൽ ഋതിക എന്ന പേരിലായിരുന്നു അക്കൗണ്ട്.
തന്റെ അമ്മാവന് ഓഹരി നിക്ഷേപമുണ്ടെന്നും വൻ ലാഭം ഉണ്ടാക്കാമെന്നും യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആദ്യം നിക്ഷേപിച്ചപ്പോൾ ചെറിയ തുക ലാഭം ലഭിച്ചതോടെ യുവാവ് കൂടുതൽ തുക നിക്ഷേപിച്ച് കുടുങ്ങി.
പ്രൊഫൈൽ പരിശോധിക്കാം
ഇൻസ്‌റ്റഗ്രാമിലും ഫേസ്‌ബുക്കിലുമെല്ലാം സ്‌ത്രീകളുടെ ചിത്രമുള്ള പ്രൊഫൈ-ലുകളിൽനിന്ന് റിക്വസ്‌റ്റ് വരുന്പോൾ ഒന്നു ശ്രദ്ധിക്കുക. അത് സത്രീകളാകണമെന്നില്ല. പ്രൊഫൈലിൽ നൽകിയിട്ടുള്ള ഫോട്ടോ ഗൂഗിൾ ഇമേജ് സെർച്ച് ഉപയോഗിച്ച് പരിശോധിക്കുകയെന്നതാണ് ആദ്യ വഴി. ഇമേജ് സെർച്ച് നടത്തിയാൽ ഇൗ ഫോട്ടോ മറ്റെവിടെയെല്ലാം ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഇതേ ഫേ-ാട്ടോ ഉപയോഗിച്ച് പല പ്രൊഫൈലുകളുണ്ടെന്ന് കണ്ടെത്തിയാൽ വ്യാജനാണെന്ന് ഉറപ്പിക്കാം. എഐ ചിത്രമോ വീഡിയോയോ ആണോ ഉപയോഗിച്ചതെന്ന് കണ്ടെത്താൻ നിരവധി ടൂളുകൾ ലഭ്യമാണ്. ഇതിന് സാങ്കേതികവിദഗ്‌ധരുടെ സഹായം തേടാം.
പ്രൊഫഷണൽ ഓൺലൈൻ ട്രേഡിങ് കന്പനികൾ നിങ്ങളുടെ വ്യക്തിഗത വിവരം ചോദിക്കില്ല. നിങ്ങളോട് സൗഹൃദം സ്ഥാപിക്കാനും വരില്ല. ഇത്തരത്തിൽ ഓൺലൈൻ ട്രേഡിങ് കന്പനികളുടെ പ്രതിനിധികളാണെന്ന് പറഞ്ഞ് ഫോണോ സന്ദേശമോ വന്നാൽ ജാഗ്രതപാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.










0 comments