print edition വിദേശ മെഡിക്കൽപഠന വാഗ്ദാനം; വിദ്യാർഥിയെ കബളിപ്പിച്ച് 6 ലക്ഷം തട്ടിയെന്ന പരാതിയിൽ കേസെടുത്തു

കൊച്ചി: യൂറോപ്പിൽ മെഡിക്കൽ പഠനത്തിന് സൗകര്യമൊരുക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർഥിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സൗത്ത് പൊലീസ് കേസെടുത്തു. കടവന്ത്രയിലുള്ള ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ കരിയർ ഡെവലപ്‌മെന്റ് (ഐസിഡി) എന്ന സ്ഥാപനത്തിനെതിരെയാണ് കേസെടുത്തത്.
സ്ഥാപന ഉടമ വിഷ്‌ണുപ്രസാദ് (55), ജീവനക്കാരായ ശ്രീകാന്ത് (50), കെസിയ (45), രേവതി (40) എന്നിവരാണ് ഒന്നുമുതൽ നാലുവരെ പ്രതികൾ. കലൂർ കതൃക്കടവ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
ജോർജിയയിലെ അക്കാക്കി സെറിടേലി സ്‌റ്റേറ്റ് സർവകലാശാലയിൽ 21 ലക്ഷം രൂപയ്ക്ക് എംബിബിഎസ് പഠനം പൂർത്തിയാക്കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതിയിൽ പറയുന്നു. ഇതിനായി ലോൺ ലഭ്യമാക്കുമെന്നും വിശ്വസിപ്പിച്ചു.
എന്നാൽ, വിസ വന്നശേഷം കന്പനി നൽകിയ യൂണിവേഴ്‌സിറ്റി കോ–ഓർഡിനേറ്ററുടെ നന്പറിൽ ബന്ധപ്പെട്ടപ്പോൾ കോഴ്സിന് 48 ലക്ഷം രൂപ ചെലവാകുമെന്ന് അറിഞ്ഞു. കഴിഞ്ഞ ജൂലൈമുതൽ നാലുതവണയായാണ് വിദേശപഠനത്തിനായി ആറുലക്ഷത്തോളം രൂപ കൈമാറിയത്.
മാർച്ച് 24ന് സൗത്ത് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമീഷണർക്ക് കതൃക്കടവ് സ്വദേശിനി പരാതി നൽകിയിരുന്നു. കോഴ്‌സിന് പഠിക്കാൻ പോകാത്തതിന് മകനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കന്പനി നോട്ടീസ് അയച്ചുവെന്നും പരാതിയിലുണ്ട്.
കതൃക്കടവ് സ്വദേശിനിയടക്കം നാല് രക്ഷിതാക്കൾ സൗത്ത് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് കൂടുതലും തട്ടിപ്പിന് ഇരയായത്. ഭൂമി വിറ്റും കടം വാങ്ങിയും പണം സമാഹരിച്ചുനൽകിയ രക്ഷിതാക്കൾ പലരും പ്രതിസന്ധിയിലാണ്. ഒരു അക്കാദമിക് വർഷം നഷ്ടപ്പെട്ട വിദ്യാർഥികൾ പലരും കടുത്ത മാനസിക സംഘർഷത്തിലാണെന്നും രക്ഷിതാക്കൾ പറയുന്നു.










0 comments