നാല് വർഷം, റസ്റ്റ് ഹൗസുകളിൽ നിന്ന് 30 കോടി രൂപയുടെ അധിക വരുമാനം

തിരുവനന്തപുരം: ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ച് നാല് വർഷം കൊണ്ട് 30 കോടി രൂപയുടെ അധിക വരുമാനമാണ് പീപ്പിൾസ് ഗസ്റ്റ് ഹൗസുകൾ വഴി സർക്കാരിന് ലഭിച്ചതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെമ്പാടുമായി പൊതുമരാമത്തുവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന വിശ്രമമന്ദിരങ്ങളെ ജനകീയമാക്കി പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ താമസസൗകര്യം ഉറപ്പാക്കിയാണ് നേട്ടം കൈവരിച്ചത്.
2021-ലെ കേരളപ്പിറവിദിനത്തിലാണ് പീപ്പിൾസ് ഗസ്റ്റ് ഹൗസ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വകുപ്പിന്റെ വെബ്സൈറ്റ് വഴി ആർക്ക് വേണമെങ്കിലും പീപ്പിൾസ് റെസ്റ്റ് ഹൗസുകളിലെ മുറികളുടെ ലഭ്യത അറിയാനും മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യം ഏർപ്പെടുത്തി. നിരക്കും വെബ്സൈറ്റിൽനിന്ന് അറിയാനാകും. പീപ്പിൾസ് ഗസ്റ്റ് ഹൗസുകൾ ഉദ്ഘാടനം ചെയ്ത് നാലുവർഷംകൊണ്ട് അഞ്ചുലക്ഷത്തോളം ബുക്കിങ്ങുകളാണ് നടന്നത്. ഏകദേശം 10 ലക്ഷത്തിലധികംപേർ റെസ്റ്റ് ഹൗസ് സൗകര്യം ഉപയോഗപ്പെടുത്തി.
പലയിടങ്ങളിലും മുറികൾ ആഴ്ചകൾക്കുമുമ്പുതന്നെ പൂർണമായും ബുക്ക് ചെയ്യപ്പെടുകയാണ്. ഇതോടെ സർക്കാർ ഏഴു പുതിയ റെസ്റ്റ് ഹൗസുകൾ പണിയുകയും 23 എണ്ണം നവീകരിക്കുകയും ചെയ്തു. പുതുതായി 17 റെസ്റ്റ് ഹൗസുകൾകൂടി പണിയുന്നതിന് അനുമതിയാകുകയും നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.









0 comments