ad
Deshabhimani

print edition നാലുവർഷ ബിരുദം: കോളേജ് മാറ്റം ഇനി എല്ലാ സെമസ്റ്ററിലും

4 year degree
വെബ് ഡെസ്ക്

Published on Mar 14, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള കോളേജില്‍ ചേരാന്‍ എല്ലാ സെമസ്റ്ററിലും അവസരമൊരുക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ്. നിലവിൽ മൂന്ന്, അഞ്ച് സെമസ്റ്ററുകളിൽ മാത്രമാണ് കോളേജ് മാറ്റത്തിനുള്ള അനുമതി. മറ്റ് സെമസ്റ്ററുകളിലും കോളേജ് മാറ്റം വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സംസ്ഥാനതല മോണിറ്ററിങ് സമിതി ശുപാര്‍ശ നൽകിയത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ച് തുടർനടപടികൾക്കായി സർവകലാശാലകൾക്ക് നൽകിയിരുന്നു.


നിലവിലെ സാഹചര്യത്തില്‍ ഓരോ കോളേജിനും പരീക്ഷ, ഫലപ്രഖ്യാപനം തുടങ്ങിയവയ്ക്ക് വ്യത്യസ്ത സമയക്രമമാണ്. ഈ അധ്യയന വര്‍ഷത്തോടെ പൂര്‍ണമായും ഏകീകൃത അക്കാദമിക കലണ്ടര്‍ പ്രകാരമാണ് എല്ലാ സര്‍വകലാശാലകളുടെയും അഫിലിയേറ്റഡ് കോളേജുകളുടെയും പ്രവര്‍ത്തനം. ഇതോടെയാണ് കോളേജ് മാറ്റം, സര്‍വകലാശാല മാറ്റം എന്നിവ എളുപ്പത്തിലാകുന്നത്. കെ റീപ്പ് അടക്കമുള്ള സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ വിദ്യാർഥികളുടെ ക്രെഡിറ്റ് മാറ്റവും സാധ്യമാക്കിട്ടുണ്ട്. നാലാം വര്‍ഷത്തിലെ ഹോണേഴ്സ് വിത്ത് റിസര്‍ച്ചിനും ഇതേ അവസരം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.


പഠിക്കുന്ന കോളേജിൽ ഹോണേഴ്സ് വിത്ത് റിസർച്ച് ചെയ്യാൻ സൗകര്യം ഇല്ലെങ്കിൽ അത്തരം സൗകര്യമുള്ള കോളേജിലേക്ക് ഏഴാം സെമസ്റ്ററില്‍ മാറാനാകും. വിദ്യാർഥികൾ പഠിക്കുന്ന അതേ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റിലേക്കാണ് മാറ്റം സാധ്യമാകുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home