നാല് മാസ വിസ്മയം; വെന്റിലേറ്ററിലാകുന്ന ആരോഗ്യരംഗം

തിരുവനന്തപുരം: സർക്കാർ ആശുപത്രി മോർച്ചറിയിലെ മൃതദേഹങ്ങൾ അഴുകി, മെഡിക്കൽ കോളേജിൽ ചോർന്ന ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടു, കുടുംബാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്ന്, വെെദ്യുതി തടസം മൂലം പല ആശുപത്രികളിലും ശസ്ത്രക്രിയയില്ല... കേരളത്തിലെ ആരോഗ്യമേഖലയുടെ വെള്ളിയാഴ്‌ച ഒറ്റ ദിവസത്തെ ചിത്രമാണിത്. നാല് മാസം കൊണ്ട് യുഡിഎഫ് ഭരണ 'മിടുക്ക്' കേരളത്തിന്റെ പേരുകേട്ട ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കി. പവർകട്ടാണെങ്കിൽ അതുകഴിഞ്ഞ ശേഷം ശസ്ത്രക്രിയ നടത്തിയാൽ മതിയെന്ന് പരിഹാരം പറഞ്ഞ ആരോഗ്യമന്ത്രിയുടെ കഴിവുകേടിൽ തകരുന്നത് ലക്ഷക്കണക്കിന് സാധാരണ മനുഷ്യർ ആശ്രയിക്കുന്ന ലോക മാതൃകയായ കേരള മോഡലാണ്.
മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിലാണ് മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകിയത്. പറവൂർ താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ അഴുകി. നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറും ഒരു മൊബൈൽ ഫ്രീസറും ഇവിടെ ഉണ്ടെങ്കിലും എല്ലാം പ്രവർത്തനരഹിതമാണ്.
മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിലെ ചോർച്ച മൂലം തിമിര ശസ്ത്രക്രിയകൾ തുടർച്ചയായി മുടങ്ങി. ഇപ്പോൾ ഒഫ്താൽമിക് ഓപ്പറേഷൻ തിയേറ്റർ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി ഇല്ലാത്തത് മൂലം നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ അടക്കം നിർത്തിവെച്ചു. കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് 15 കാരനാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയത്.
സാധാരണ ജനങ്ങൾക്ക് ആശ്രയമാകേണ്ട സർക്കാർ ആശുപത്രികളിൽ ചികിത്സാപ്പിഴവിലും അനാസ്ഥയിലും നിരവധി ജീവനുകളാണ് പൊലിയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്നു വീണ് രോഗി മരിച്ചതും നെയ്യാറ്റിൻകരയിൽ ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയ്ക്കെത്തിയ രോഗി അരമണിക്കൂറോളം ക്യൂവിൽ നിന്നതിനെത്തുടർന്ന് കുഴഞ്ഞുവീണ് മരിച്ചതും ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ശുശ്രൂഷകൾ നൽകാഞ്ഞതിനാൽ രോഗിയുടെ കാലിൽ പുഴുവരിച്ചതും നാദാപുരത്ത് മരുന്ന് മാറി നൽകിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി മരിച്ചതും വൈദ്യുതിയില്ലാതെ മൊബൈൽ വെളിച്ചത്തിൽ ചികിത്സ നടത്തിയ സംഭവവുമെല്ലാം ഇൗ സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങളാണ്.
ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് സാധാരണക്കാർ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം വരെ കാര്യങ്ങൾ എത്തി നിൽക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് ശക്തിപ്പെടുത്തിയ പൊതുആരോഗ്യ സംവിധാനമാണ് ഇന്ന് തുടർച്ചയായ പരാതികളുടെ കേന്ദ്രമാകുന്നത്. കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കാനുള്ള തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടത്തുന്നത്. സ്വകാര്യ മേഖലയെ വളർത്താനായി മനപൂർവം പൊതുമേഖല ആശുപത്രികളെ തകർക്കുകയും മോശമായി ചിത്രീകരിക്കുകയുമാണ് യുഡിഎഫ് സർക്കാർ.









0 comments