'കിട്ടിയവരാണ് കിട്ടിയില്ല എന്ന് പറയുന്നത്'; പ്രളയബാധിതരെ അവഹേളിച്ച് കോൺഗ്രസ് എംഎൽഎ റെജി ചെറിയാൻ

കുട്ടനാട്: ആലപ്പുഴയിൽ പ്രളയബാധിതർ ദുരിതാശ്വാസം ലഭിച്ചില്ല എന്ന് വെറുതെ പറയുന്നതാണെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. നഷ്ടപരിഹാരമായി നൽകാമെന്നേറ്റ പണം ഇതുവരെ നൽകിയിട്ടില്ലെന്നും ദുരിതബാധിതരുടെ പട്ടിക പോലും കൃത്യമായി തയാറാക്കിയിട്ടില്ലെന്നും കുട്ടനാട് നിവാസികൾ പരാതി ഉയർത്തിയിരുന്നു.
എന്നാൽ പണം കിട്ടിയവരാണ് കിട്ടിയില്ല എന്ന് പറയുന്നത് എന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. ഒരു ദിവസം കൊണ്ട് കൊടുക്കാൻ കഴിയുന്നതല്ല നഷ്ടപരിഹാരം എന്നും എംഎൽഎ പറഞ്ഞു. എന്നാൽ പ്രളയം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായം പോലും പല കുടുംബങ്ങൾക്കും ലഭിച്ചിട്ടില്ല.
കുട്ടനാട്ടിൽ 10,000 രൂപ ലഭിക്കാത്തതിന് പുറമെ ഒരു കുടുംബത്തിൽ നിന്ന് രണ്ട പേർക്ക് വീതം 300 രൂപ വീതം 7 ദിവസത്തേത് നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ ഇതുവരെ ഒരു രൂപ പോലും കുട്ടനാട്ടിലോ പ്രളയം കാര്യമായി ബാധിച്ച മറ്റ് ജില്ലകളായ കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ പ്രദേശങ്ങളിലും പ്രളയ ദുരിതാശ്വാസം ഇതുവരെ എത്തിയിട്ടില്ല.
ധനസഹായത്തിനുള്ള അപേക്ഷ ആരാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് പരാതിയുണ്ട്. മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ ചില പഞ്ചായത്ത് അംഗങ്ങൾ അപേക്ഷകൾ സ്വീകരിച്ചെങ്കിലും, തുടർന്ന് അപേക്ഷകൾ എവിടേക്ക് കൈമാറണമെന്നതിൽ വ്യക്തതയില്ലാത്തതിനാൽ അവ അംഗങ്ങളുടെ കൈയിൽ തന്നെ തുടരുന്ന സാഹചര്യമുണ്ടായതായും പ്രദേശവാസികൾ പറയുന്നു.
ഏകദേശം 41,000 പേർ ധനസഹായത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങളും ഗുരുതര രോഗബാധിതരും അപകടത്തെ തുടർന്ന് ചികിത്സയിലുള്ളവരും ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ദുരിതാശ്വാസത്തിനായി കാത്തിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
അതേസമയം, പ്രളയ കൃഷിനാശവുമായി ബന്ധപ്പെട്ട ധനസഹായ വിതരണത്തിൽ വീഴ്ചയുണ്ടായതായി മന്ത്രി ടി സിദ്ദിഖ് സമ്മതിച്ചു. എംഎൽഎയുടെ അധിക്ഷേപപരമായ പരാമർശത്തിൽ പ്രതിഷേധവുമായി കുട്ടനാട് നിവാസികൾ രംഗത്തെത്തിയിട്ടുണ്ട്.








0 comments