മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു

മുണ്ടൂർ (തൃശൂര്‍): മുതിർന്ന കോൺഗ്രസ് നേതാവും മണലൂർ മണ്ഡലം മുൻ എംഎൽഎയുമായ പി എ മാധവൻ (80) അന്തരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ തൃശൂർ മുണ്ടൂരിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വ രാത്രി 11.14 ഓടെ ആയിരുന്നു അന്ത്യം. 2011, -2016 കാലത്ത് മണലൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാഗമായിരുന്നു. നിലവിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമാണ്. അച്യുതൻ നായരുടെയും മലമേൽപട്ടിയത്ത് പാർവതി അമ്മയുടെയും മകനായി 1946 സെപ്തംബർ14ന് തൃശൂരിലെ മുണ്ടൂരിൽ ജനിച്ച അദ്ദേഹം 1967 മുതൽ ലൈസൻസുള്ള ഡോക്യുമെന്റ് റൈറ്ററാണ്. വിമോചന സമരത്തിന്റെ ഭാഗമായി വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് (1968-, 1969), ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി (1969, -1972), ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി (1972, -1977), ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് (1977, -1980), 2005– 2012 അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗം, 2016–2017 ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, 2006–2011 ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, 1980-2006 ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, 2006–-2008 ഐക്യ ജനാധിപത്യ മുന്നണി (കേരളം) ജില്ലാ ചെയർമാൻ, 2006-2008 തൃശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് (2000-–2005). സീതാറാം സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് ഡയറക്ടർ (1980-1983), മാള കോ-–ഓപ്പറേറ്റീവ് സ്പിന്നിങ് മിൽസ് ചെയർമാൻ (1996–-2002), മത്സ്യ വിൽപ്പന തൊഴിലാളി സഹകരണ സംഘം തൃശൂർ ജില്ലാ പ്രസിഡന്റ് (1994 മുതൽ) എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഇപ്പോൾ, നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ ഷോ-റൂം എംപ്ലോയീസ് (കേരള), കേരള ലക്ഷ്മി മിൽസ് പുല്ലഴി എംപ്ലോയീസ് യൂണിയൻ, റെയിൽവേ ഗുഡ്സ്-ഷെഡ് വർക്കേഴ്‌സ് യൂണിയൻ, തൃശൂർ മുനിസിപ്പൽ കോർപറേഷൻ ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂണിയൻ, തൃശൂർ കെഎസ്ഇബി തൊഴിലാളി യൂണിയൻ, ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റാണ്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുണ്ടായ അപകടത്തിൽ സംശയമുയർത്തി കുടുംബം നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഭാര്യ: സാവിത്രി. മക്കൾ: സമോദ്, സമീർ. മരുമക്കൾ: ഹർഷ, ഐശ്വര്യ ലക്ഷ്മി.










0 comments