വിജിലൻസ് കേസിൽ ഒളിവിലായ കെഎസ്എഫ്ഇ മുൻ മാനേജർ അറസ്റ്റിൽ

തിരുവനന്തപുരം: വിജിലൻസ് കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ കെഎസ്എഫ്ഇ മുൻ മാനേജരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കെഎസ്എഫ്ഇ ചാല ബ്രാഞ്ചിലെ മുൻ മാനേജരും കരമന സ്വദേശിയുമായ പി പ്രഭാകരനാണ് അറസ്‌റ്റിലായത്.
1993 ൽ കെഎസ്എഫ്ഇ ചാല ബ്രാഞ്ചിൽ മാനേജരായിരിക്കെ വ്യാജ രേഖകൾ സമർപ്പിച്ച് ഭാര്യയുടെയും സഹോദരിയുടെയും പേരിൽ ചിട്ടികളുടെ തുക മാറി എടുത്തിരുന്നു. ഇല്ലാത്ത ആളുകളുടെ പേരിൽ വ്യാജ എപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയായിരുന്നു തട്ടിപ്പ്. വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതി 2010 ൽ പ്രഭാകരനെ ഒരു വർഷം കഠിന തടവിന് ശിക്ഷിച്ചു. തുടർന്ന് വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും ഹൈക്കോടതി ശിക്ഷ ശരിവയ്‌ക്കുകയും ചെയ്തു. എന്നാൽ പ്രതി കോടതിയിൽ കീഴടങ്ങാതെ ഒളിവിൽ പോയി.
ഇയാളെ കരമനയിലെ വീട്ടിൽനിന്നാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്‌തത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി സെൻട്രൽ ജയിലിലേക്ക് അയച്ചു.









0 comments