print edition ഓൺലൈനിൽ പരസ്യമായി ‘കൊടിഞ്ഞിയുടെ ഇരട്ടപ്പെരുമ’

മനു വിശ്വനാഥ്
Published on May 06, 2026, 12:00 AM | 1 min read
താനൂർ: കൊടിഞ്ഞിയിലെ ഇരട്ടപ്പെരുമ പരസ്യവാചകമാക്കി ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ട്. ശനിയാഴ്‌ച ആരംഭിക്കുന്ന പ്രത്യേക വിൽപ്പനയ്‌ക്കാണ് കൊടിഞ്ഞി സ്റ്റോർ എന്ന പേരിട്ടത്. ‘കൊടിഞ്ഞിയുടെ ചോയ്സ്, ഡബിൾ ഡീൽ’ തലക്കട്ടിലാണ് പരസ്യം. ഏറ്റവും കൂടുതൽ ഇരട്ടകളുള്ള നാട് എന്ന റെക്കോഡ് നേടിയ കൊടിഞ്ഞിയിലേക്ക് സ്വാഗതം എന്ന വാചകത്തോടെയാണ് പരസ്യം ആരംഭിക്കുന്നത്. പിന്നീട് വിവിധ സന്ദർഭങ്ങളിൽ ഇരട്ടകളെ അവതരിപ്പിക്കുന്നുണ്ട്.
കൊടിഞ്ഞിയിൽ ആയിരത്തിലേറെ കുടുംബങ്ങളിലാണ് ഇരട്ടക്കുട്ടികളുള്ളത്. ഇതിന്റെ കാരണം തേടി രാജ്യാന്തര ശാസ്ത്ര സംഘങ്ങൾ ഉൾപ്പെടെ ഇവിടെയെത്തിയിട്ടുണ്ടെങ്കിലും ശാസ്‌ത്രീയമായ വിശദീകരണം കണ്ടെത്താനായിട്ടില്ല. മണ്ണും വെള്ളവും സംഘം പരിശോധിച്ചിരുന്നു. ജനിതക പഠനവും നടന്നു. ഫ്ലിപ്കാർട്ട് കൊടിഞ്ഞിയുടെ പ്രത്യേകത മനസ്സിലാക്കി പരസ്യം നൽകിയത് ഏറെ സന്തോഷം നൽകുന്നതായി കൊടിഞ്ഞിയിലെ ഇരട്ടകളിൽ ഒരാളായ പറമ്പത്ത് പ്രശാന്ത് പറഞ്ഞു. പ്രശാന്തിന്റെ ഇരട്ട സഹോദരനായ പ്രജിത്തിനെ കൂടാതെ ശ്രീകാന്ത്, ശ്രീജിത്ത് എന്നീ ഇരട്ട സഹോദരങ്ങൾകൂടി വീട്ടിലുണ്ട്.
നന്നമ്പ്ര പഞ്ചായത്തിലാണ് കൊടിഞ്ഞി. ഗ്രാമത്തില്‍ 2000ത്തിലേറെ താമസക്കാരുണ്ടെന്നാണ് കണക്ക്. ലോകത്തില്‍ ഇരട്ടകള്‍ ഏറെയുണ്ടെന്ന് കണ്ടെത്തിയ നാലാമത്തെ ഗ്രാമമാണ് കൊടിഞ്ഞി. നൈജീരിയയിലെ ഇഗ്ബോ ഓറ, ബ്രസീലിലെ കാനോ ഡിഫോ ഗോദോയ്, ദക്ഷിണ വിയറ്റ്നാമിലെ ഹുയാങ് ഹീയപ്പ് എന്നിവയാണ് മറ്റു ഗ്രാമങ്ങള്‍.










0 comments