ഇറ്റലിയിൽ കുടുങ്ങിയ 6 വിദ്യാർഥികൾ ഇന്ന് നാട്ടിലേക്ക്
print edition കൊച്ചിയിൽനിന്നുള്ള 70 ശതമാനം വിമാനസർവീസും നിലച്ചു

കൊച്ചി
പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ 70 ശതമാനവും നിലച്ചു. തിങ്കളാഴ്‌ചമാത്രം ഗൾഫ് നാടുകളിലേക്കുള്ള 59 വിമാനസർവീസുകളാണ് റദ്ദാക്കിയത്. തിങ്കളാഴ്‌ച സൗദിയിലേക്ക് രണ്ടും ഒമാനിലേക്ക് ഒന്നും സർവീസാണ് നടത്താനായത്.
വിവിധ ഇടങ്ങളിലേക്ക് കൊച്ചിയിൽനിന്ന് പുറപ്പെടേണ്ട 31 സർവീസും വരേണ്ടിയിരുന്ന 27 സർവീസുമാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ആറുവീതം വിമാനങ്ങൾ റദ്ദാക്കി.
ദോഹയിലേക്കുള്ള അഞ്ചും കുവൈത്ത്, മസ്കത്ത്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള മൂന്നുവീതവും ജിദ്ദ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള രണ്ടുവീതവും റാസ അൽ ഖൈമയിലേക്കുള്ള ഒരുസർവീസുമാണ് റദ്ദാക്കിയത്. ദുബായിൽനിന്നുള്ള ആറും അബുദാബി, ദോഹ എന്നിവിടങ്ങളിൽനിന്നുള്ള അഞ്ചുവീതവും കുവൈത്തിൽനിന്നുള്ള നാലും ഷാർജ, ബഹ്‌റൈൻ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുവീതവും ജിദ്ദ, മസ്കത്ത്, റാസ അൽ ഖൈമ എന്നിവിടങ്ങളിൽനിന്ന് എത്തേണ്ട ഓരോ വിമാനങ്ങളും റദ്ദാക്കി.
ശനിയാഴ്‌ച 18 സർവീസും ഞായറാഴ്‌ച 14 സർവീസും റദ്ദാക്കിയിരുന്നു. ചൊവ്വാഴ്‌ച മസ്‌കത്തിൽനിന്ന് വരേണ്ടിയിരുന്ന ഒരുവിമാനവും റദ്ദാക്കി. ശനിയാഴ്‌ച 25, ഞായറാഴ്‌ച 23 എന്നിങ്ങനെ സർവീസുകൾ റദ്ദാക്കി.
കരിപ്പൂരിൽ 42 സർവീസ് റദ്ദാക്കി
പശ്ചിമേഷ്യയിലെ സംഘർഷത്തെതുടർന്ന് കരിപ്പൂരിൽ തിങ്കളാഴ്ചയും 42 വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽനിന്ന് വിവിധ ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിങ്കളാഴ്ച കരിപ്പൂർ ഗൾഫ് സെക്ടറിൽ രണ്ട് വിമാനങ്ങൾമാത്രമാണ് സർവീസ് നടത്തിയത്. റിയാദിൽനിന്നുള്ള ഫ്ലൈനാസ് എയർലൈൻസിന്റെ വിമാനവും മസ്കത്തിൽനിന്നുള്ള സലാം എയർ വിമാനവും സർവീസ് നടത്തി. ഇവ മടക്ക സർവീസും നടത്തി. മൂന്ന് ദിവസങ്ങളിലായി കരിപ്പൂരിൽനിന്നും തിരിച്ചുമുള്ള 115 സർവീസുകൾ റദ്ദാക്കി.
കണ്ണൂരിൽ 16 സർവീസ് റദ്ദാക്കി
കണ്ണൂരിൽ 16 വിമാന സർവീസുകൾ റദ്ദാക്കി. അബുദാബി, ദോഹ, മസ്‌ക്കറ്റ്, ഫുജൈറ, റാസൽഖൈമ, ദുബായ് എന്നിവിടങ്ങളിലേക്കും തിരികെയുമുള്ള സർവീസുകളാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ചൊവ്വാഴ്ചത്തെ അന്താരാഷ്ട്ര സർവീസുകളും റദ്ദാക്കിയതായി എയർഇന്ത്യയും ഇൻഡിഗോയും അറിയിച്ചു.
യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിനൽകുകയോ റീഫണ്ട് അനുവദിക്കുകയോ ചെയ്യുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് 89 സർവീസ് റദ്ദാക്കി
പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇതുവരെ റദ്ദാക്കിയത് 89 വിമാന സർവീസുകൾ. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 44 സർവീസുകളും എത്തിച്ചേരേണ്ട 45 എണ്ണവുമാണ് റദ്ദാക്കിയത്. തിങ്കളാഴ്ച മാത്രം 28 സർവീസുകൾ റദ്ദാക്കി. ചൊവ്വാഴ്ച പുറപ്പെടേണ്ട എട്ട് സർവീസുകളും എത്തിച്ചേരേണ്ട എട്ട് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഒമാൻ എയർവേയ്സ് സർവീസ് നടത്തി
പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ 139 യാത്രക്കാരുമായി ഒമാൻ എയർവേയ്സ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി. തിങ്കൾ രാവിലെ 7.20നാണ് വിമാനം എത്തിയത്. രാവിലെ 8.29ന് തിരുവനന്തപുരത്തുനിന്നുള്ള 105 യാത്രക്കാരുമായി വിമാനം ഒമാനിലേക്ക് മടങ്ങി. പശ്ചിമേഷ്യയിൽ സംഘർഷം ഉണ്ടായശേഷം ആദ്യമായാണ് ഒരു വിദേശ എയർലൈൻ യാത്രക്കാരുമായി തിരുവനന്തപുരത്തെത്തുന്നത്. എയർ ഇന്ത്യയും ഗൾഫ് രാജ്യങ്ങളിലെ മറ്റ് എയർലൈൻസുകളും ഇതുവരെയും സർവീസ് ആരംഭിച്ചിട്ടില്ല.
ഇറ്റലിയിൽ കുടുങ്ങിയ 6 വിദ്യാർഥികൾ ഇന്ന് നാട്ടിലേക്ക്
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ വിമാനം റദ്ദായതിനെതുടർന്ന് ഇറ്റലിയിൽ കുടുങ്ങിയ 54 മലയാളി വിദ്യാർഥികളിൽ ആറുപേർ ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കും. ഫിൻലൻഡിലെ ഹെൽസിങ്കി മുഖേനയുള്ള വിമാനത്തിലാണ് മടങ്ങുന്നത്. ആറിന് ഡൽഹിയിലെത്തും.കോഴിക്കോട് ഐഐഎമ്മിലെ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളാണ് മിലാൻ വിമാനത്താവളത്തിൽ കുടുങ്ങിയത്. ബാക്കിയുള്ളവർ വരുംദിവസങ്ങളിൽ മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്.
കോഴിക്കോട്, എറണാകുളം, കോട്ടയം സ്വദേശികളും ബംഗളൂരുവിൽനിന്നുള്ള രണ്ടുപേരും ലഖ്‌നൗവിൽനിന്നുള്ള ഒരാളുമാണ് ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കുക. 11വരെയാണ് ഇവർക്ക് വിസ സമയം. ലോക കേരളസഭാംഗം ബെന്നി മാത്യു വിദ്യാർഥികളുമായി ഫോണിൽ സംസാരിച്ചു.ഐഐഎമ്മിന്റെ ഇന്റർനാഷണൽ ഇമേർഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഫെബ്രുവരി പത്തിനാണ് ഇവർ ഇറ്റലിയിലെത്തിയത്. 28ന് രാത്രി 11.15നുള്ള ഗൾഫ് എയർ വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. ബോർഡിങ് പാസ് എടുത്തശേഷമാണ് വിമാനം റദ്ദാക്കിയ അറിയിപ്പ് ലഭിച്ചത്.










0 comments