ad
Deshabhimani

കേണുപറഞ്ഞിട്ടും കേട്ടില്ല; സ്‌ത്രീകളുടെയും കുട്ടികളുടെയും കൺമുന്നിലിട്ട് ആർഎസ്‌എസുകാർ വെട്ടിവീഴ്‌ത്തി

Thalayi Latesh 1.jpg
avatar
പി ദിനേശൻ

Published on Jan 08, 2026, 12:53 PM | 1 min read

തലശേരി: കടലോരത്തെ സ്‌ത്രീകളും കുട്ടികളുമടക്കമുള്ള നിസ്സഹായരായ മനുഷ്യരുടെ നിലവിളിക്കിടയിലാണ്‌ മത്സ്യതൊഴിലാളിയുനിയൻ നേതാവ്‌ കെ ലതേഷിനെ ആർഎസ്‌എസുകാർ കൊന്നത്‌. അരുതെന്ന്‌ അവർ കേണുപറഞ്ഞിട്ടും അക്രമികൾ കേട്ടില്ല. ബോംബും ആയുധവും കാട്ടി ജനങ്ങളെ വിരട്ടിനിർത്തിയാണ്‌ ഒരു പാവം തൊഴിലാളിയെ വെട്ടിവീഴ്‌ത്തി അവസാനിപ്പിച്ചത്‌. പൊറുക്കാനാവാത്ത ഇ‍ൗ കൊടുംക്രൂരതകാട്ടിയവരെ കോടതി കുറ്റക്കാരാണെന്ന്‌ വിധിക്കുമ്പോൾ നീതിപീഠത്തിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ്‌ വർധിക്കുന്നത്‌.


ആയുധങ്ങളുമായി ആർഎസ്‌എസുകാരെ കാവൽനിർത്തിയാണ്‌ കൊല നടത്തിയത്‌. കടപ്പുറത്ത്‌ കൊലനടത്തുമ്പോൾ നാലുപേർ ആയുധയുധങ്ങളുമായി പാതാറിൽ കാവൽ നിൽപുണ്ടായിരുന്നു. കുഞ്ഞിക്കട്പ്പുറം ഭാഗത്തുനിന്ന്‌ തോണിക്കാരും മറ്റുനാട്ടുകാരും ഓടിവരുന്നതിനിടയിലാണ്‌ ബോംബെറിഞ്ഞത്‌. ഒരു നിമിഷം എല്ലാവരും ഭയന്ന്‌ പിന്മാറിയപ്പോൾ അക്രമികൾ കൃത്യം നിർവഹിച്ച്‌ രക്ഷപ്പെട്ടു. നാട്ടുകാർക്ക്‌ പരിചയമുള്ളവരായിരുന്നു കൊലയാളികളെല്ലാം. ദൃക്‌സാക്ഷി മൊഴികൾ വിചാരണയിൽ നിർണായകമായി.


പിന്തുടർന്ന്‌ കൊന്നു


അക്രമികൾ എത്തുമ്പോൾ ക്ലാസിക്‌ മാർബിളിന്‌ പിറക്‌വശത്തു ശൈലേട്ടനുമായി സംസാരിച്ചുനിൽകുകയായിരുന്നു ലതേഷ്‌. ആയുധങ്ങളുമായി വന്നവരെ കണ്ടതോടെ ലതേഷ്‌ കടൽ ഭാഗത്തേക്ക്‌ ഓടി. കൊല്ലെടാ അവനെ എന്ന്‌ ആക്രോശിച്ച്‌ സുമിത്ത്‌ ആണ്‌ ആദ്യം വാൾ വീശിയത്‌. പ്രജീഷ്‌ കൈയിലുണ്ടായിരുന്ന മഴു കൊണ്ട്‌ കഴുത്തിന്‌ ആഞ്ഞ്‌ വെട്ടിയപ്പോഴാണ്‌ തിരകൾക്കിടയിൽ കമിഴ്‌ന്നടിച്ച്‌ വീണത്‌. അജിത്തും സ്‌മിജേഷും മഴുവും വാളും ഉപയോഗിച്ച്‌ വെട്ടുകയും കുത്തുകയും ചെയതു.


പാതാറിൽ കൂടിനിന്ന സുമ ഉൾപ്പെടെയുള്ള അമ്മമാരുടെ നിലവിളികൾക്കിടയിലാണ്‌ ലതേഷിന്റെ ജീവൻ പിടഞ്ഞുതീർന്നത്‌. സഹോദരന്മാരടക്കമുള്ളവർ ചേർന്നാണ്‌ ഓട്ടോറിക്ഷയിൽ തലശേരി കോ–ഓപ്പറേറ്റീവ്‌ ആശുപത്രിയിലെത്തിച്ചത്‌. അപ്പോഴേക്കും ആ ജീവൻ എന്നേക്കുമായി കണ്ണടച്ചിരുന്നു.


കടപ്പുറത്തുനിന്നുള്ള സ്‌ത്രീകളുടെ കൂട്ട നിലവിളി ശബ്ദം കേട്ട്‌ ഓടിപ്പോകുമ്പോഴാണ്‌ പി പി മോഹൻലാൽ എന്ന ലാലു ആക്രമിക്കപ്പെട്ടത്‌. കൊലയാളികളുടെ മുന്നിൽപെട്ട ലാലു ഒരു വീട്ടിലേക്ക്‌ ഓടിക്കയറിയെങ്കിലും പിന്നാലെ വന്ന അക്രമിസംഘം വെട്ടിപ്പരിക്കേൽപിച്ചു. മഴുവും വാളും ഉപയോഗിച്ച്‌ കാലിനും കൈക്കും വെട്ടി. മാരക പരിക്കേറ്റ ലാലു 14 ദിവസം കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home