ad
Deshabhimani

മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 11ാം ദിവസം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

vizhinjam govt visit
വെബ് ഡെസ്ക്

Published on Aug 10, 2026, 03:25 PM | 1 min read

തിരുവനന്തപുരം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ വീട്ടില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമെത്തി. മത്സ്യത്തൊഴിലാളികളെ കാണാതായി 11ാം ദിവസമാണ് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂറും എത്തുന്നത്.


തിരച്ചിൽ വൈകിയതിലും അനാസ്ഥയിലും കാണാതായവരുടെ കുടുംബത്തിന്റെ ഭാഗത്തുനിന്നും വൈകാരികമായ പ്രതികരണങ്ങളുയര്‍ന്നിരുന്നു. മത്സ്യത്തൊഴിലാളി സംഘടനകളിൽ നിന്നും സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങളുണ്ടായി. ഫിഷറീസ് മന്ത്രി പോലും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ യാതൊരു ഏകോപനവും ഉണ്ടായില്ലെന്നുമുള്ള ആക്ഷേപങ്ങളും ഉയർന്നിരുന്നു.


ഇന്ന് രാവിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂറും ജോണിന്റെ വീട്ടിലെത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയും കുടുംബത്തെ കാണാനെത്തിയത്. ശേഷം മുഖ്യമന്ത്രി രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി.


അതേസമയം, മുഖ്യമന്ത്രിയുടെ നേരത്തെയുള്ള പരാമർശങ്ങളിൽ കുടുംബം അതൃപ്തി അറിയിച്ചു. ജോണിന്റെ മകൾ ജിജിയാണ് മുഖ്യമന്ത്രിയുടെ പരാമർശം വേദനിപ്പിച്ചതായി പ്രതികരിച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന്, ഒരു വിഭാഗം ജനങ്ങളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശം ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു. സന്ദർശനത്തേക്കാൾ രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും കുടുംബം വ്യക്തമാക്കി.


സംഭവത്തിൽ വ്യാപക വിമർശനങ്ങൾ ഉയർന്നതോടെ, മത്സ്യത്തൊഴിലാളികൾ കടലിൽ കാണാതാകുന്നത് ആദ്യമായല്ലെന്നും മുൻ സർക്കാരിന്റെ കാലത്തും നിരവധി പേരെ കാണാതായിട്ടുണ്ടെന്നുമുള്ള പ്രതികരണവും മുഖ്യമന്ത്രി നടത്തിയിരുന്നു.


നിലവിൽ വിഴിഞ്ഞത്ത് കാണാതായ ജോണിനും മുതലപ്പൊഴിയിൽ കാണാതായ ഷിജിനും നീണ്ടകരയിൽ കാണാതായ ഗൗതമിനുമായാണ് തിരച്ചിൽ തുടരുന്നത്. നാവികസേനയുടെ ഐഎൻഎസ് കൽപേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തിരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ ഗൗതമിനായി കോസ്റ്റ് ഗാർഡും തിരച്ചിൽ തുടരുകയാണ്.


അതേസമയം, കാണാതായവരുടെ കുടുംബങ്ങൾ തുടക്കം മുതൽ തന്നെ തിരച്ചിലിൽ ഏകോപനമില്ലെന്നും രക്ഷാപ്രവർത്തനം വൈകിയെന്നും ആരോപിച്ചിരുന്നു. സ്‌കൂബാ സംഘത്തെ ഉൾപ്പെടുത്തി തിരച്ചിൽ നടത്തുമെന്ന പ്രഖ്യാപനം വൈകിയതും പ്രതിഷേധത്തിന് കാരണമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home