ബിജെപി പ്രവർത്തകന്റെ വെട്ടേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

മരിച്ച മുരുകന്‍, പ്രതി രഞ്ജിന്‍
കോട്ടയം : ബിജെപി പ്രവർത്തകന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞ ബിഎംഎസ് പ്രവർത്തകനായ മത്സ്യത്തൊഴിലാളി മരിച്ചു. തിരുവാർപ്പ് കാഞ്ഞിരം അംബേദ്‌ക്കർ കോളനിയിൽ പത്തൊൻപതിൽ ചിറയിൽ മുരുകനാണ് (53) മരിച്ചത്. ആക്രമണം നടത്തിയ പ്രതി കിളിരൂർ കളപ്പൂരത്തറ കെ രഞ്ജിനെ (40) കുമരകം പൊലീസ് പിടികൂടി റിമാൻഡ് ചെയ്‌തു.
പ്രദേശത്തെ ഒരു വിവാഹവുമായി ബന്ധപ്പെട്ട് പ്രതിയും മുരുകനും അടങ്ങുന്ന സംഘം ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ മുരുകനുമായി തർക്കമുണ്ടായെന്നും രാത്രിയിൽ രഞ്ജിൻ എത്തി ഭീഷണി മുഴക്കിയെന്നും പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത രഞ്‌ജിനെ പെറ്റികേസ് ചുമത്തി ചൊവ്വാ പുലർച്ചെ ഒന്നോടെ ജാമ്യത്തിൽ വിട്ടു. ജാമ്യത്തിലിറങ്ങിയ പ്രതി രണ്ടോടെ കാഞ്ഞിരം ബാങ്കിന് സമീപത്ത് എത്തി മുരുകനുമായി വീണ്ടും വാക്കുതർക്കമുണ്ടായി. കൈയിൽ കരുതിയ വടിവാൾ ഉപയോഗിച്ച് മുരുകനെ ആക്രമിച്ചു. പൊലീസ് രഞ്‌ജിനെ പിടികൂടാൻ കാരണം മുരുകനാണെന്ന് കരുതിയായിരുന്നു ആക്രമണം.
ഗുരുതരമായി പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ പുലർച്ചെയാണ് മരിച്ചത്. വധശ്രമത്തിനാണ് പൊലീസ് നേരത്തെ കേസെടുത്തിരുന്നത്. കേസിൽ ഇനി കൊലപാതകത്തിനുള്ള വകുപ്പുകൾ കൂട്ടിച്ചേർക്കുമെന്ന് കുമരകം പൊലീസ് അറിയിച്ചു. മുരുകന്റെ ഭാര്യ : ഷൈനി. മക്കൾ : അർജുൻ, കാവ്യ, ആനന്ദ്. സംസ്‌കാരം നടത്തി. രഞ്ജിന്റെ ഭാര്യ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവാർപ്പ് പഞ്ചായത്തിലെ 11–ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്നു.










0 comments