print edition രാജ്യത്ത് ആദ്യം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയര്‍ മെഡിസിനില്‍ പി ജി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കേരളത്തിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ന്യൂക്ലിയര്‍ മെഡിസിനില്‍ പി ജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിനാണ് ദേശീയ മെഡിക്കൽ കൗൺസിൽ (എൻഎംസി) രണ്ടു സീറ്റുകൾ അനുവദിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഇതുൾപ്പെടെ 81 പുതിയ മെഡിക്കല്‍ പി ജി സീറ്റുകള്‍ക്കാണ് കേരളത്തിൽ ഇത്തവണ എന്‍എംസി അനുമതി നല്‍കിയത്.
മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ രണ്ട് പി ജി സീറ്റുകള്‍ അനുവദിച്ചു. ന്യൂക്ലിയര്‍ മെഡിസിനിലും റേഡിയേഷന്‍ ഓങ്കോളജിയിലുമുൾപ്പടെയുള്ള പി ജി സീറ്റുകള്‍ കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്തിന് കൂടുതല്‍ കരുത്താകും. കോഴിക്കോട് മെഡിക്കൽ കോളേജിനും മലബാർ കാൻസർ സെന്ററിനും പുറമെ ആലപ്പുഴ മെഡിക്കല്‍ കോളേജിൽ 17, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 15, കൊല്ലം മെഡിക്കല്‍ കോളേജ് 30 എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ട സീറ്റുകൾ.
മെഡിക്കല്‍ കോളേജുകള്‍ക്കായി 270 അധ്യാപക തസ്തിക സൃഷ്ടിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് പി ജി സീറ്റുകള്‍ ലഭ്യമായത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലും ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലും പി ജി സീറ്റുകള്‍ അനുവദിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.










0 comments