കപ്പലിലെ തീപിടിത്തം: രക്ഷാപ്രവർത്തനത്തിന് തടസ്സം ശക്തമായ കാറ്റും കൂറ്റൻ തിരമാലയും


സ്വന്തം ലേഖകൻ
Published on Jun 17, 2025, 12:02 AM | 1 min read
കൊച്ചി: കടലിൽ തീപിടിച്ച ‘വാൻഹായ് 503’ ചരക്കുകപ്പലിലെ തീയണയ്‌ക്കൽ, കാലാവസ്ഥ പ്രതികൂലമായതോടെ കൂടുതൽ ദുഷ്‌കരമായി. നാലുമുതൽ അഞ്ചുവരെ മീറ്റർ ഉയരമുള്ള തിരമാലകളും 30 നോട്ടിക്കൽ മൈൽ വേഗത്തിലുള്ള കാറ്റും കപ്പൽ കെട്ടിവലിക്കുന്നതിന് തടസ്സമാകുന്നു.
കൊച്ചിതീരത്തിന് പടിഞ്ഞാറ് 65 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. ഓഫ്‌ഷോർ വാരിയർ കപ്പൽ ‘വാൻഹായ് 503’നെ കൂടുതൽ അകലേക്ക് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. ഇടയ്‌ക്കുള്ള മഴ കപ്പലിനെ തണുപ്പിക്കാൻ സഹായിക്കുന്നുണ്ട്. തീയും പുകയും പൂർണമായി അണഞ്ഞിട്ടില്ല.
തിങ്കളാഴ്‌ചയും തീരസംരക്ഷണസേനയുടെ ഓഫ്‌ഷോർ സപ്പോർട്ട് കപ്പൽ സക്ഷത്തിന്റെ സഹായത്തോടെ ഹൈസ്‌പീഡ് വാട്ടർ ജെറ്റ് ഉപയോഗിച്ച് വെള്ളം ചീറ്റി കപ്പലിനെ തണുപ്പിക്കാൻ തുടങ്ങിയിരുന്നു. കപ്പലിലെ ഇന്ധനടാങ്കുകൾ ചൂടുപിടിച്ച് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ ടാങ്ക് തണുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. ഇന്ധന ടാങ്കിൽ 2000 ടൺ ഹെവി ഓയിലും 240 ടൺ മറൈൻ ഡീസൽ ഓയിലുമാണുള്ളത്.
അമ്പലപ്പുഴയിൽ ടാങ്ക് കണ്ടെയ്‌നറടിഞ്ഞു
തിങ്കൾ പുലർച്ചെ അമ്പലപ്പുഴ വളഞ്ഞവഴി തീരത്ത് അടിഞ്ഞ ടാങ്ക് കണ്ടെയ്‌നർ കടലിൽ തീപിടിച്ച വാൻഹായ് കപ്പലിന്റേതാണ് കണ്ടെത്തി. കപ്പലിലേക്ക് പാചകവാതകം എത്തിക്കുന്ന 24,600 ലിറ്റർ ശേഷിയുള്ള കണ്ടെയ്‌നറാണിത്. കണ്ടെയ്‌നർ കാലിയാണെന്ന് കപ്പലിൽനിന്നുള്ള സാധനങ്ങൾ തീരത്തടിയുന്നത് കണ്ടെത്തി കോസ്റ്റ് ഗാർഡിന് കൈമാറുന്ന, ഡീപ് വേ ഷിപ്പിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡോ. സനൽ ഭാസ്കർ പറഞ്ഞു. ടാങ്ക് വടംകെട്ടി ജെസിബി ഉപയോഗിച്ച് തീരത്ത് അടുപ്പിച്ചു. ഇത് കൊല്ലത്തേക്ക് മാറ്റി പിന്നീട് കസ്‌റ്റംസിന് കൈമാറും. പുന്നപ്ര തീരത്തടിഞ്ഞ ലൈഫ് ബോട്ട് കൊച്ചിയിലേക്കു കൊണ്ടുപോകും.









0 comments