കപ്പലിലെ തീപിടിത്തം; നാല് ജീവനക്കാരെ കാണാനില്ല: തിരച്ചിൽ തുടരുന്നു

ബേപ്പൂർ: കേരള തീരത്തിനടുത്ത് കപ്പലപകടത്തെ തുടർന്ന് നാല് ജീവനക്കാരെ കാണാതായി. ബേപ്പൂർ - അഴീക്കൽ തുറമുഖങ്ങൾക്കിടയിൽ തീരത്തുനിന്ന് 130 കിലോമീറ്റർ അകലെ വാന്‍ഹായി 503 എന്ന ചരക്ക് കപ്പലിൽ തീ പടര്‍ന്നതിനെ തുടര്‍ന്നാണ് ജീവനക്കാരെ കാണാതായത്. കൊളംബോ തീരത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കപ്പലില്‍ 22 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇതിൽ നാല് ജീവനക്കാരെയാണ് കാണാതായത്. ഇവർക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് തിരച്ചിൽ നടത്തുകയാണ്. കപ്പലിൽ തീ ഉയർന്നതോടെ 18 ജീവനക്കാർ കടലിലേക്ക് ചാടിയിരുന്നു. 10 പേരെ ലൈഫ് ബോട്ടിലും 8 പേരെ ലൈഫ് റാഫ്റ്റിലും രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ 9.50ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. കപ്പലിലെ കണ്ടെയിനറുകളിലൊന്നിൽ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ അഞ്ച് ജിവനക്കാർക്ക് പൊള്ളലേറ്റു. രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ചൈന, മ്യാൻമര്‍, തായ്ലൻ്റ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കപ്പലിൽ ഉള്ളത്.
സിംഗപ്പുര്‍ പതാകയുള്ള എംവി വാൻ ഹായ് 503 കപ്പലിലാണ് തീപിടിത്തമുണ്ടായത്. 270 മീറ്റര്‍ നീളമുള്ള കണ്ടെയ്നര്‍ വെസലാണ് വാൻ ഹായ്. ഫീഡര്‍ ആയി പ്രവര്‍ത്തിക്കുന്ന കപ്പലിന് 20 വര്‍ഷം പഴക്കമുള്ളതായാണ് വിവരം. മുംബൈയിലെ മാരിടൈം ഓപ്പറേഷൻസ് സെന്റർ രാവിലെ 10.30 ഓടെയാണ് കൊച്ചിയിലെ സഹപ്രവർത്തകർക്ക് തീപിടിത്ത വിവരം റിപ്പോർട്ട് ചെയ്തത്. തുടർന്ന് കൊച്ചിയിൽ നങ്കൂരമിടാൻ നിശ്ചയിച്ചിരുന്ന ഐഎൻഎസ് സൂറത്തിനെ അടിയന്തര സഹായം നൽകുന്നതിനായി അപകട സ്ഥലത്തേക്ക് തിരിച്ചുവിട്ടു.
രാവിലെ 11ഓടെ വെസ്റ്റേൺ നേവൽ കമാൻഡ് കപ്പൽ തിരിച്ചുവിട്ടതായി പ്രതിരോധ സേനയിലെ പിആർഒ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി കൊച്ചിയിലെ നാവിക വ്യോമതാവളമായ ഐഎൻഎസ് ഗരുഡയിൽ നിന്ന് ഒരു നേവി ഡോർണിയർ വിമാനം പുറപ്പെടും. ജൂൺ 6നാണ് കൊളംബോയിൽ നിന്ന് കപ്പൽ യാത്ര പുറപ്പെട്ടത്. ഇന്ന് കപ്പൽ മുബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
കഴിഞ്ഞ മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംഎസ്‍സി- 3 കപ്പൽ അപകടമുണ്ടായത്. ദുരന്തത്തിന്റെ ആഘാതം തിരിച്ചറിഞ്ഞ് എംഎസ്‍സി എൽസ അപകടത്തെ സംസ്ഥാനസർക്കാർ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.









0 comments