സാമ്പത്തിക ക്രമക്കേട്: മുൻ സപ്ലൈകോ ഉദ്യോഗസ്ഥന് 17 വർഷം തടവ്

കണ്ണൂർ : സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ സപ്ലൈകോ ഉദ്യോഗസ്ഥനെ വിജിലന്‍സ് കോടതി 17 വര്‍ഷം തടവിനും 15 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. കണ്ണൂര്‍ പ്ലാസയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പനയിലൂടെ ലഭിച്ച തുക കൃത്യമായി ബാങ്കില്‍ അടയ്ക്കാതെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ സപ്ലൈകോ ഉദ്യോഗസ്ഥനും കണ്ണൂര്‍ നാലുവയല്‍ സ്വദേശിയുമായ പി മുഹമ്മദ് അഷ്റഫിനെയാണ് കണ്ണൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 17 വര്‍ഷം തടവിനും 15,00,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്.
2011-12ൽ കണ്ണൂര്‍ പ്ലാസയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ അസിസ്റ്റന്റ് സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന പി മുഹമ്മദ് അഷ്റഫ്, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലെ സാധനങ്ങള്‍ വില്‍പന നടത്തിയതിലൂടെ ലഭിച്ച 14,25,895 രൂപ കൃത്യമായി ബാങ്കില്‍ അടയ്ക്കാതെ തട്ടിയെടുത്ത സംഭവത്തില്‍ വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് അഷ്റഫിനെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി, കണ്ണൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ 1064 എന്ന ടോള്‍ ഫ്രീ നമ്പരിലോ 8592900900 , 9447789100 (വാട്സാപ്പ്) എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.










0 comments